d

ആലപ്പുഴ : പ്രതികരിച്ചതിന്റെ പേരിൽ നിരവധി അവസരങ്ങൾ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടി ഉഷ ഹസീന പറഞ്ഞു. സിനിമയിൽ തിളങ്ങിനിന്ന സമയത്താണ് ദുരനുഭവമുണ്ടായത്.

ഒരു സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്നു പറഞ്ഞപ്പോൾ തന്നെ, അയാൾ കുഴപ്പക്കാരനാണെന്ന് പലരും പറഞ്ഞിരുന്നു. ലൊക്കേഷനിൽ എത്തിയപ്പോൾ അതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. നടിമാരോട് പ്രത്യേക സ്വാതന്ത്ര്യമാണ്. നമുക്ക് ഇഷ്‌ടമുള്ളത് ചെയ്യാനൊക്കെ സഹായിക്കും. പക്ഷേ,​ പിന്നീട് റൂമിലേക്ക് ചെല്ലാൻ ആവശ്യപ്പെടും. അങ്ങനെ ഒരിക്കൽ ഫോണിൽ വിളിച്ചപ്പോൾ വാപ്പയുമൊന്നിച്ചാണ് റൂമിലേക്കു ചെന്നത്. പിന്നീട് സെറ്റിൽ അദ്ദേഹം മോശമായി പെരുമാറാൻ തുടങ്ങി. നന്നായി അഭിനയിച്ചാലും മോശമാണെന്നു പറയും, പരിഹസിക്കും. സഹികെട്ട് ചെരിപ്പൂരിയടിക്കാൻപോയി. അന്ന് ഇത് വാർത്തയായിരുന്നു. ആ സംവിധായകൻ ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും ഉഷ പറഞ്ഞു.

ലൈംഗികചൂഷണം എന്നതിലുപരി അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിൽ അപ്രഖ്യാപിത വിലക്കുകളും ഉണ്ടായിട്ടുണ്ട്. നടൻമാർ ആരും തന്നോട് മോശമായി പെരുമാറിയിട്ടില്ല.