ആലപ്പുഴ: മൂന്നുമാസമായി കുടിവെള്ളം കിട്ടാതെ ദുരിതത്തിലായ നാട്ടുകാർ, ജില്ലാ കളക്ടർക്കടക്കം നിവേദനം നൽകിയിട്ടും പരിഹാരമില്ല. പള്ളാത്തുരുത്തി കുറുക്കൻപറമ്പ് പാലത്തിന് കിഴക്കോട്ട് എസ്.എൻ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതാണ് ദുരിതത്തിന് കാരണം. വീടുകളിലെത്തേണ്ട കുടിവെള്ളം റോഡിലൂടെ പൊട്ടിയൊലിച്ച് പാഴാവുകയാണ്.
നാലുഭാഗത്തായിട്ടാണ് ചോർച്ച. നൂറോളം കുടുംബങ്ങളെയാണ് കുടിവെള്ള പ്രശ്നം ബാധിക്കുന്നത്. പാടത്ത് പണിക്ക് പോയി ദിവസവരുമാനം കണ്ടെത്തുന്നവരാണ് പ്രദേശവാസികളിൽ അധികവും. കുടിവെള്ളം പോലും പണം നൽകി വാങ്ങേണ്ടി വരുന്നത് ജനങ്ങളെ വലയ്ക്കുന്നുണ്ട്. രാത്രി പന്ത്രണ്ടുമണിക്ക് ശേഷം പൈപ്പിൽ നൂലു പോലെ ചില ദിവസങ്ങളിൽ വെള്ളം വരും. ഇതിനായി ഉറക്കമിളച്ച് കാത്തിരിക്കേണ്ട ഗതികേടിലാണ് കുടുംബങ്ങൾ.
പകർച്ചവ്യാധി ഭീതിയിൽ
#രാത്രിയിൽ ലഭിക്കുന്ന വെള്ളം ശേഖരിച്ച് വച്ചാണ് കുടുംബങ്ങൾ പാചകമടക്കം അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത്
#പൊട്ടികിടക്കുന്ന പൈപ്പിൽ നിന്ന് വരുന്ന വെള്ളത്തിൽ അണുക്കൾ ഉറപ്പായും കലർന്നിട്ടുണ്ടാവും
# കുട്ടികൾക്കുൾപ്പടെ ഈ വെള്ളം നൽകേണ്ടി വരുന്നതിനാൽ ജനങ്ങൾ പകർച്ചവ്യാധി ഭീതിയിലാണ്
മാസങ്ങളായിട്ടുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണം. സമയബന്ധിതമായ പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുന്നതിന് നിർബന്ധിതരാകും
-വി.വൈശാഖ്, വൈസ് പ്രസിഡന്റ്, എ.ഐ.വൈ.എഫ് ആലപ്പുഴ മണ്ഡലം