അരൂർ: അരൂർ ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ കൈതപ്പുഴ കായലിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ജലോത്സവം 25ന് ഉച്ചയ്ക്ക് ഒന്നിന് നടക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ദെലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷയാകും. വയനാടിനുള്ള സഹായമായി ഒരു ലക്ഷം രൂപ ബോട്ട് ക്ലബ് ചെയർമാൻ സി.കെ.ശ്രീശുകൻ മന്ത്രിക്ക് കൈമാറും. കെ.സി. വേണുഗോപാൽ എം.പി മത്സരം ഫ്‌ളാഗ് ഒഫ് ചെയ്യും. സമാപന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി എം.എസ്.അനസ് ഹാജി അദ്ധ്യക്ഷനാകും.

ഇരുട്ടുകുത്തി വള്ളങ്ങളാണ് അരൂർ ജലോത്സവത്തിൽ തുഴയെറിയുന്നത്. എ,ബി. ഗ്രേഡ് വിഭാഗങ്ങളിലായി ആകെ 18 വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. വിജയികൾക്ക് ട്രോഫിയും സമ്മാനതുകയും നൽകും. 900 മീറ്റർ ദൂരത്തിൽ 4 ട്രാക്കുകളാണ് ഒരുക്കിയിട്ടുള്ളത്. 300പേർക്കിരിക്കാവുന്ന കായലിന്റെ പടിഞ്ഞാറെ കരയിൽ താത്ക്കാലിക പവിലിയൻ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഇത്തവണത്തെ നെഹ്‌റുട്രോഫി ഇതുവരെ നടക്കാത്ത സാഹചര്യത്തിൽ അരൂർ ജലോത്സവം കാണാൻ പതിനായിരങ്ങൾ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.