മാന്നാർ: അഖിലഭാരത അയ്യപ്പസേവാസംഘം ചെന്നിത്തല യൂണിറ്റ് പുതുതായി പണികഴിപ്പിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്‌ഘാടനം നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചെന്നിത്തല ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ തെക്കുവശത്തായി മൂന്നര സെന്റ് സ്ഥലത്ത് നിർമ്മിച്ച് 'സന്നിധാനം' എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ഉദ്‌ഘാടനം രാവിലെ 11ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി സുരേഷ് വർമ്മ നിർവഹിക്കും. യൂണിറ്റ് പ്രസിഡന്റ് സോമനാഥൻപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം അഖിലഭാരത അയ്യപ്പസേവാസംഘം ദേശീയ സെക്രട്ടറി അഡ്വ.ഡി.വിജയകുമാർ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി മോഹനൻ കെ.നായർ മുഖ്യപ്രഭാഷണം നടത്തും. നിർദ്ധന രോഗികൾക്കുള്ള സാന്ത്വന പദ്ധതി ഉദ്‌ഘാടനവും സാമ്പത്തിക സഹായ വിതരണവും സുരേഷ് വർമ്മ നിർവഹിക്കും. മാളികപ്പുറം മുൻ മേൽശാന്തി കുറിയിടത്തുമഠം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, തിരുവാഭരണ പേടക സംഘം ഗുരുസ്വാമി കുളത്തിലാൽ ഗംഗാധരൻപിള്ള, ഗുരുസ്വാമി മോഹനൻ ചക്കനാട്ട്, പ്രകാശ് തൊട്ടുപുറത്ത്, ഹരികുമാർ നമ്പ്യാരേത്ത് എന്നിവർക്ക് ആദരവും അയ്യപ്പസേവാസംഘം കുടുംബാംഗങ്ങളുടെ മക്കളിൽ കഴിഞ്ഞ അദ്ധ്യയനവർഷം ഉന്നത വിജയം നേടിയവർക്ക് അവാർഡ് വിതരണവും നടത്തും. അശോകൻ നായർ കൊയ്പ്പള്ളിൽ, രാജേന്ദ്രപ്രസാദ് അമൃത, കെ.സന്ദീപ് പുളിന്താനത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.