ആലപ്പുഴ: ഓണവിപണിയിലേക്ക് 'ഫ്രഷ് ബൈറ്റ്സ് ' എന്ന സ്വന്തം ബ്രാൻഡിലുള്ള ചിപ്സും ശർക്കരവരട്ടിയുമായി കുടുംബശ്രീയെത്തുന്നു. മുൻവർഷങ്ങളിൽ കുടുംബശ്രീ യൂണിറ്റുകളുടേതായി ചിപ്സും ശർക്കര വരട്ടിയും വിറ്റിരുന്നെങ്കിലും ഇത്തവണയാണ് സംസ്ഥാന വ്യാപകമായി ഒറ്റ ബ്രാൻഡിൽ ഇവയുടെ വിപണനം നടത്തുന്നത്. മുമ്പ് സർക്കാരിന്റെ ഓണക്കിറ്റിലടക്കം കുടുംബശ്രീയുടെ ഉപ്പേരികൾ ഇടംപിടിച്ചിരുന്നു.

ഇതിനായി ജില്ലയിൽ 26യൂണിറ്റുകൾ ചേർത്ത് കൺസോർഷ്യം രൂപീകരിച്ചു. സംസ്ഥാനതല പരിശീലനം കഴിഞ്ഞദിവസം കായംകുളം കൃഷിവിജ്ഞാൻ കേന്ദ്രത്തിൽ നടന്നു. വില്പനയിലൂടെ ലഭിക്കുന്ന പണം ശേഖരിക്കുന്നതിന് പ്രത്യേകം അക്കൗണ്ടും ആരംഭിച്ചു. കഞ്ഞിക്കുഴി കേന്ദ്രീകരിച്ചാണ് ഓഫീസ് പ്രവർത്തിക്കുക. ഉത്പന്നങ്ങളുടെ നിർമ്മാണവും പാക്കിംഗും ഇവിടെയായിരിക്കും. കവറിൽ ബ്രാൻഡ് പേരിനൊപ്പം ഉത്പാദന യൂണിറ്റിന്റെ പേരും മേൽവിലാസവും ഉണ്ടാകും.

മുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, ഗരം മസാല, സാമ്പാർ പൊടി, ഫിഷ് മസാല, ഗോതമ്പുപൊടി, സ്റ്റീമ്ഡ് അരിപ്പൊടി, പുട്ടുപൊടി എന്നീ 11 ഇനങ്ങളും വിവിധ കുടുംബശ്രീ യൂണിറ്റുകൾ വിപണിയിലെത്തിക്കുന്നുണ്ട്.

വില ഏത്തക്കായ ലഭ്യതക്കനുസരിച്ച്

 ഓരോ ജില്ലയിലും വ്യത്യസ്തമായ നിരക്കിലാകും ചിപ്സ്, ശർക്കരവരട്ടി വില്പന

 ഗുണമേന്മ പരിശോധിച്ച ഉറപ്പാക്കിയശേഷമാണ് പായ്ക്ക് ചെയ്യുക

 വെളിച്ചെണ്ണയിലും പാം ഓയിലിലുമായാണ് ഉപ്പേരി തയ്യാറാക്കുന്നത്

 ഏത്തക്കായയുടെ ലഭ്യതയും വിലയും പരിഗണിച്ചാകും വിലനിർണയം

 ഏകോപനച്ചുമതല കുടുംബശ്രീ ഫുഡ് പ്രോസസിംഗ് എന്ന കൺസോർഷ്യത്തിനാണ്

 കുടുംബശ്രീ സ്റ്റോറുകൾ വഴിയും വിതരണക്കാർ വഴി കടകളിലും വിപണനം നടത്തും

26

ജില്ലയിൽ വില്പന 26 യൂണിറ്റുകളുടെ കൺസോർഷ്യത്തിന്

ലാഭകരമെങ്കിൽ പദ്ധതി വിപുലീകരിക്കും. കുടുംബശ്രീ ഉത്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ കൂടി എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

- സാഹിൽ ഫൈസി, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ