ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഇന്നലെ സംഘടിപ്പിച്ച തദ്ദേശ അദാലത്തിൽ വൈകിട്ട് 6.45 വരെ തീർപ്പാക്കിയത് 874 അപേക്ഷകൾ. ആകെ 1182 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 815 എണ്ണം അനുകൂലമായി തീർപ്പാക്കി. 37 എണ്ണം നിരസിച്ചു. അദാലത്തിന് മുമ്പ് ഓൺലൈനായി ലഭിച്ച 797 അപേക്ഷകളിൽ 766 ലും തീർപ്പുണ്ടാക്കി. 714 എണ്ണത്തിലും അനുകൂല തീരുമാനമുണ്ടായപ്പോൾ 30 എണ്ണം നിരസിച്ചു. 11 എണ്ണം കുടുതൽ പരിശോധനകൾക്കും തീരുമാനങ്ങൾക്കുമായി മാറ്റി. അദാലത്തിന് മുമ്പ് നൽകിയ അപേക്ഷകളിൽ 93.2 ശതമാനവും അപേക്ഷകർക്ക് അനുകൂലമായാണ് തീർപ്പാക്കിയത്. അദാലത്ത് വേദിയിലും ലഭിച്ച അപേക്ഷകളിലും സ്വീകരിച്ച അതിവേഗ നടപടികൾ ഗുണഭോക്താക്കൾക്ക് ആശ്വാസമായി. ഇങ്ങനെ ലഭിച്ച 385 അപേക്ഷകളിൽ 108 എണ്ണം തീർപ്പാക്കി. 101 എണ്ണം അപേക്ഷകർക്ക് അനുകൂലമായപ്പോൾ ഏഴ് അപേക്ഷകൾ നിരസിച്ചു. 24 എണ്ണം മാറ്റിവെച്ചു. എസ്.ഡി.വി സെന്റിനറി ഹാളിൽ മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്‌തു. പി പി ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷനായി. എം.എൽ.എമാരായ എച്ച്.സലാം, ദലീമ ജോജോ, യു.പ്രതിഭ, തോമസ് കെ.തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കളക്ടർ അലക്‌സ് വർഗീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ്, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, നഗരസഭ അധ്യക്ഷ കെ കെ ജയമ്മ, ചേമ്പർ ഓഫ് മുനിസിപ്പൽ ചെയർപേഴ്‌സൺ വൈസ് പ്രസിഡന്റ് ഷേർളി ഭാർഗവൻ, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് പി പി സംഗീത, നഗരകാര്യ വകുപ്പ് ഡയറക്ടർ സൂരജ് ഷാജി, കൗൺസിലർ കെ ബാബു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കുരുക്കഴിഞ്ഞു, പ്രദീപിന് വീട്ടുനമ്പർ കിട്ടി
ആലപ്പുഴ : തീരദേശപരിപാലന നിയമത്തിൽ കുരുക്കിൽപ്പെട്ട് വീട്ടുനമ്പർ ലഭിക്കാതെ വിഷമിച്ച ഗൃഹനാഥന് തദ്ദേശ അദാലത്ത് തുണയായി. അരൂർ കടവിൽപറമ്പിൽ ജെ.ടി.പ്രദീപിന് ലൈഫ് പദ്ധതി പ്രകാരമാണ് വീട് അനുവദിച്ചത്. നിർമ്മാണത്തിനുള്ള അവസാന ഗഡു തുക ലഭിക്കാനിരിക്കേയാണ് സി.ആർ.ഇസഡ് പരിധി ലംഘിക്കുന്നതിനാൽ വീട്ടുനമ്പർ നൽകാനാവില്ലെന്ന നിയമക്കുരുക്ക് ഉടലെടുത്തത്. മാസങ്ങളായി വിവിധ ഓഫീസുകൾ കയറിയിറങ്ങിയ ശേഷമാണ് പ്രദീപ് മന്ത്രിയുടെ അദാലത്തിൽ എത്തിയത്. കേരള പഞ്ചായത്ത് രാജ് നിയമത്തിൽ തീരത്ത് നിന്നുള്ള ദൂരപരിധി ചട്ടത്തിന്റെ പകർപ്പും ഹാജരാക്കി. അപേക്ഷ പരിഗണിച്ച മന്ത്രി പരമ്പരാഗത മത്സ്യത്തൊഴിലാളിയും വളരെ ചെറിയ പ്ലോട്ടിൽ ലൈഫ് പദ്ധതിയുടെ ആനുകൂല്യത്തോടെ വീട് നിർമ്മിച്ചതും കണക്കിലെടുത്ത് കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
1.76 ലക്ഷം എഴുതിത്തള്ളി
ആലപ്പുഴ: സർക്കാരിൽ നിന്നും ധനസഹായം ലഭിച്ചിട്ടും ഭവനനിർമ്മാണം നടത്തിയില്ലെന്ന കാരണത്താൽ തിരിച്ചടയ്‌ക്കേണ്ട തുകയും പലിശയും ഇളവ് ചെയ്തു നൽകാൻ മന്ത്രി എം.ബി.രാജേഷ് ഉത്തരവിട്ടു. ജില്ലാ തദ്ദേശ ആദാലത്തിലാണ് കുത്തിയതോട് സ്വദേശി ഗീതമ്മയുടെ 1,76,249 രൂപ എഴുതിത്തള്ളാൻ മന്ത്രി ഉത്തരവിട്ടത്. ഇത്രയും പഴക്കമുള്ള, സമാനമായ പരാതികളിൽ സംസ്ഥാനതലത്തിൽ നിയോഗിക്കുന്ന സമിതി പരിശോധിച്ച് ആവശ്യമായ ഇളവ് അനുവദിക്കുന്ന നിലയിൽ പൊതു നിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. . മകളുടെ വിവാഹ ആവശ്യത്തിനായി ഭൂമിയിലെ ഒരു ഭാഗം വിൽക്കാൻ നിരാക്ഷേപ പത്രത്തിനായാണ് കുടുംബം അദാലത്തിനെ സമീപിച്ചത്. എന്നാൽ ബാധ്യത പൂർണമായി എഴുതിത്തള്ളാനാണ് അദാലത്ത് ഉത്തരവിട്ടത്. പന്ത്രണ്ട് വർഷം മുൻപാണ് ഇ.എം.എസ് ഭവനപദ്ധതി പ്രകാരം രണ്ടു ഗഡുവായി ഗീതമ്മയ്ക്ക് 52,500 രൂപ അനുവദിച്ചത്. തറ നിർമ്മാണം പൂർത്തിയായെങ്കിലും, ഭർത്താവിന്റെ രോഗമുൾപ്പെടെയുള്ള കാരണങ്ങളാൽ വീടിന്റെ പണി പിന്നീട് തുടരാനായില്ല. ഇതിനാൽ ലഭിച്ച തുക തിരിച്ചടയ്ക്കാൻ നോട്ടീസ് ലഭിച്ചു. നിലവിൽ തിരിച്ചടയ്‌ക്കേണ്ട തുക പലിശയായ 120749 രൂപ ഉൾപ്പെടെ 176249 രൂപയായി വർദ്ധിച്ചു. നിർധന കുടുംബം ഇപ്പോഴും ഒരു ചെറിയ കൂരയിലാണ് താമസം.