obit

ചേർത്തല:സി.പി.എം പള്ളിപ്പുറം വടക്ക് ലോക്കൽ കമ്മിറ്റി മുൻ അംഗം പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡ് പടിഞ്ഞാറെ കുട്ടൻചാൽ മണ്ണാറ ജോസ് മാത്യുവിനെ (അപ്പച്ചൻ–70) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഡ്രൈവറായ മകൻ മാത്യു ജോസ് രാത്രിയിൽ വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിനിൽക്കുന്നത് കണ്ടത്. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നിലവിൽ സി.പി.എം കുട്ടൻചാൽ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. മുമ്പ് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. സാമ്പത്തിക ബാദ്ധ്യതയെന്നാണ് കാരണമെന്നാണ് സൂചന. ഇത് സ്ഥിരീകരിക്കുന്ന കത്തുകളൊന്നും ലഭിച്ചിട്ടില്ല. ജോസ് മാത്യവിന്റെ പേരിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസറിന് അയച്ചതെന്ന കത്ത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കത്തിൽ ജോസ് മാത്യുവിന്റെ ഒപ്പോ,തീയതിയോ ഇല്ല. പരേതയായ പെണ്ണമ്മയാണ് ഭാര്യ.അസ്വാഭാവിക മരണത്തിന് ചേർത്തല പൊലീസ് കേസെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് സർജ്ജന്റെ സാന്നിദ്ധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കാവിൽ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.