ആലപ്പുഴ : രണ്ടാംകൃഷി പുരോഗമിക്കുന്ന കുട്ടനാട്ടിൽ, മോട്ടോർ തറകളിലെ ഹ്രസ്വകാല കണക്ഷനുള്ള കോഷൻ ഡെപ്പോസിറ്റ് കെ.എസ്.ഇ.ബി വർദ്ധിപ്പിച്ചത് കർഷകർക്ക് തിരിച്ചടിയാകുന്നു. വിളനഷ്ടവും നെൽവില കുടിശികയുമടക്കം കർഷകർ നട്ടംതിരിയുന്നതിനിടെയാണ് കെ.എസ്.ഇ.ബിയുടെ കൊലച്ചതി.
ഒന്നാംപിണറായി സർക്കാരിന്റെ കാലം മുതലാണ് മോട്ടോർ പുരകൾക്ക് കെ.എസ്.ഇ.ബി കോഷൻ ഡെപ്പോസിറ്റ് വാങ്ങി തുടങ്ങിയത്. 15എച്ച്.പിയുടെ മോട്ടോറിന് മുമ്പ് അയ്യായിരം രൂപയായിരുന്ന കോഷൻ ഡെപ്പോസിറ്റ് 2020മുതൽ 15000 രൂപയാക്കി വർദ്ധിപ്പിച്ചു. അതിന് പുറമേയാണ് ഇപ്പോൾ മൂന്നുമാസത്തെ വൈദ്യുതി ചാർജിന് തുല്യമായ തുക അധികമായി നൽകണമെന്ന നിർദ്ദേശം വന്നത്. കണക്ഷനുവേണ്ടി പള്ളം കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ അപേക്ഷ നൽകാനെത്തിയപ്പോഴാണ് പമ്പിംഗ് കരാറുകാർ ഇക്കാര്യം അറിഞ്ഞത്. ഇതോടെ പലരും അപേക്ഷ നൽകാതെ മടങ്ങി.
കണക്ഷൻ നൽകുന്നതിനും ആറുമാസത്തിന് ശേഷം വിച്ഛേദിക്കുന്നതിനുമായി കെ.എസ്.ഇ.ബി ഈടാക്കുന്ന വിവിധ ചെലവുകൾ തട്ടിക്കിഴിച്ചാൽ കോഷൻ ഡെപ്പോസിറ്റായി വാങ്ങുന്ന തുകയിൽനിന്ന് യാതൊന്നും മടക്കി ലഭിക്കാനുണ്ടാകില്ലെന്ന് കർഷകർ പറയുന്നു.
കോഷൻ ഡെപ്പോസിറ്റ് വർദ്ധിപ്പിച്ചു
സമുദ്രനിരപ്പിൽ നിന്ന് താഴെയുള്ള സ്ഥലമായതിനാൽ പമ്പിംഗില്ലാതെ കുട്ടനാട്ടിൽ കൃഷി അസാദ്ധ്യമാണ്
കൃഷിഭവനുകളും പുഞ്ച സ്പെഷ്യൽ ഓഫീസുമാണ് മോട്ടോറുകൾ പ്രവർത്തിപ്പിക്കാൻ കരാറുകാരെ നിയോഗിക്കുന്നത്
15 മുതൽ 60 എച്ച്.പി വരെയുള്ള മോട്ടോറുകളാണ് സാധാരണയായി പാടങ്ങളിൽ പമ്പിംഗിന് ഉപയോഗിക്കുന്നത്
ഇപ്പോഴത്തെ വർദ്ധനപ്രകാരം 15എച്ച്.പിയുടെ പമ്പിംഗിന് 10,000രൂപയെങ്കിലും കോഷൻ ഡെപ്പോസിറ്റിൽ അധികമായി നൽകേണ്ടിവരും
കിലോവാട്ടിന് 200രൂപ ക്രമത്തിലാണ് പമ്പിംഗിന് വൈദ്യുതിചാർജ്. കൃഷിഭവനുകളാണ് ഇത് കെ.എസ്.ഇ.ബിയ്ക്ക് നൽകുന്നത്
10000 രൂപ
കോഷൻ ഡെപ്പോസിറ്റിൽ ഉണ്ടാകുന്ന വർദ്ധന
സ്ഥിരം കണക്ഷൻ അപകടം
വരുത്തുമെന്ന് കെ.എസ്.ഇ.ബി
പാടശേഖരങ്ങളിലെ മോട്ടോർ തറകളിൽ സ്ഥിരം കണക്‌ഷൻ നൽകുന്നത് വൈദ്യുതി ദുരുപയോഗത്തിനും അപകടങ്ങൾക്കും കാരണമാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം.മോട്ടോർ തറകളുൾപ്പെടെ വർഷകാലത്ത് വെള്ളത്തിൽ മുങ്ങാറുള്ളതും കുമരകം മേഖലയിൽ വൈദ്യുതി ഉപയോഗിച്ച് മീൻപിടിത്തം നടത്തുന്നതുമാണ് അപകടസാഹചര്യങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പമ്പിംഗ് സബ്സിഡിയടക്കം കുടിശികയായി തുടരവേ മോട്ടോർ പുരകൾക്ക് അഡീഷണൽ ഡെപ്പോസിറ്റ് ഈടാക്കാനുള്ള തീരുമാനം കർഷകദ്രോഹമാണ്. ഇത് പിൻവലിച്ച് വരാനിരിക്കുന്ന വരൾച്ചാക്കാലത്ത് കുട്ടനാടിനെ സംരക്ഷിക്കാൻ സർക്കാരും കൃഷി വകുപ്പും തയ്യാറാകണം
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി
വൈദ്യുതി റഗുലേറ്ററി ആക്ട് പ്രകാരമുള്ള ചാർജാണ് ഈടാക്കുന്നത്
-കെ.എസ്.ഇ.ബി