ആലപ്പുഴ: സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾ കണ്ടെത്തി പൊതുജന പങ്കാളിത്തത്തോടെ പ്രതിരോധ പ്രവർത്തനം ആവിഷ്ക്കരിക്കുന്നതിനുള്ള കുടുംബശ്രീയുടെ ക്രൈം മാപ്പിംഗ് പദ്ധതി പുനരാരംഭിച്ചു. 2012 - 13 സാമ്പത്തിക വർഷത്തിൽ കുടുംബശ്രീ നടത്തിയ ക്രൈം മാപ്പിംഗിനെ തുടർന്ന് ജില്ലാ തലങ്ങളിൽ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്, സി.ഡി.എസ് തലത്തിൽ ജൻഡർ റിസോഴ്സ് സെന്റർ എന്നിവ നിലവിൽ വന്നിരുന്നു. കഴിഞ്ഞ തവണ മാപ്പിങ്ങ് പ്രക്രിയയിൽ ഉൾപ്പെട്ടിട്ടില്ലാത്ത ആറ് റൂറൽ സി.ഡി.എസുകളിലാണ് ഇത്തവണ മാപ്പിംഗ് നടത്തുക.
ക്രൈം മാപ്പിംഗ് പദ്ധതി പുനരാരംഭിച്ചു
1.അച്ചടിച്ച ചോദ്യാവലി പ്രകാരമാണ് വിവരശേഖരണം. ഒരു വാർഡിൽ നിന്ന് 18 മുതൽ 50 വരെ പ്രായമുള്ള അയൽക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ പരമാവധി അമ്പത് പേരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും
2.ബാലറ്റ് ബോക്സ് മാതൃകയിൽ സീൽ ചെയ്ത പെട്ടിയിലാകും പൂരിപ്പിച്ച കവർ നിക്ഷേപിക്കേണ്ടത്. ഇതു കൂടാതെ ഓരോ വാർഡിൽ നിന്ന് പൊതുപ്രവർത്തകരെ ഉൾപ്പടെ പങ്കാളികളാക്കി സ്പോട്ട് മാപ്പിംഗ് പ്രവർത്തനം സംഘടിപ്പിക്കും
3. കുട്ടികളെയും സ്ത്രീകളെയും അപമാനിക്കുന്ന സ്ഥലങ്ങളുണ്ടെങ്കിൽ വാർഡിന്റെ മാപ്പിൽ സൂചിപ്പിക്കും. ഓരോ പ്രദേശത്തും നടന്നിട്ടുള്ള അതിക്രമങ്ങളുടെ അടിസ്ഥാനത്തിൽ മാപ്പിൽ കളർ കോഡ് നൽകും
4. ഓരോ വാർഡിലും രേഖപ്പെടുത്തുന്ന ഭൂപടങ്ങൾ പഞ്ചായത്ത് ഭൂപടത്തിൽ കൂട്ടിച്ചേർക്കും. വിവരങ്ങൾ രഹസ്യസ്വഭാവത്തോടെ കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും സാന്നിദ്ധ്യയത്തിൽ വിശകലനംചെയ്യും. ബോധവത്ക്കരണവും നടത്തും
ക്രൈം മാപ്പിംഗ്
#കുറ്റകൃത്യ സാദ്ധ്യത തടയുക
# മേഖലകൾ കണ്ടെത്തുക
# ഭൂപടം തയ്യാറാക്കുക
അടയാളം
#ശാരീരിക അതിക്രമങ്ങൾ: ചുവപ്പ്
#വാചിക അതിക്രമങ്ങൾ: മഞ്ഞ
#ലൈംഗിക അതിക്രമങ്ങൾ: നീല
സി.ഡി.എസുകൾ
#പെരുമ്പളം
#ദേവി കുളങ്ങര
#തണ്ണീർമുക്കം
#മാരാരിക്കുളം സൗത്ത്
#ചെറുതന
# താമരക്കുളം
പ്രാദേശികമായി അതിക്രമങ്ങളുടെ സ്വഭാവം മനസിലാക്കി പ്രതിരോധിക്കാനും തദ്ദേശസ്ഥാപനങ്ങൾക്കും ഏജൻസികൾക്കും സ്വീകരിക്കാവുന്ന നടപടികൾ ആസൂത്രണംചെയ്യാനും മാപ്പിംഗ് സഹായകമാകും
- സുനിത, ഡി.പി.എം, കുടുംബശ്രീ ജില്ലാമിഷൻ