s

ആലപ്പുഴ: സി.പി.എം മുൻ ലോക്കൽ കമ്മിറ്റിയംഗം പള്ളിപ്പുറം പടിഞ്ഞാറേ കുട്ടൻചാൽ മണ്ണാറ ജോസ് മാത്യുവിന്റെ (അപ്പച്ചൻ,70) ആത്മഹത്യയ്ക്ക് കാരണം പാർട്ടി ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പയാണെന്ന പ്രചാരണം നിഷേധിച്ച് മകൻ മാത്യു ജോസ്. അമ്മ പത്തുവ‌ർഷം മുമ്പ് മരിച്ചു. ഡ്രൈവറായ ഞാൻ ജോലിക്ക് പോയാൽ രണ്ടുമൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് മടങ്ങിയെത്തുന്നത്. ഒറ്റപ്പെടലിന്റെ പ്രയാസം അച്ഛൻ അനുഭവിച്ചിരുന്നു. വായ്പയുടെ പേരിൽ ആത്മഹത്യ ചെയ്യാനാണെങ്കിൽ കാർഷികാവശ്യത്തിന് വേണ്ടി മറ്റൊരു ബാങ്കിൽ നിന്ന് പത്ത് ലക്ഷം രൂപയെടുത്തിട്ടുണ്ട്. ഇത് സൂചിപ്പിച്ച് കത്തെഴുതുമായിരുന്നു. വിവാദങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും മകൻ പറഞ്ഞു.

ജോസ് മാത്യുവിനെ വ്യാഴാഴ്ചയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അദ്ദേഹം സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് നൽകാനായി തയ്യാറാക്കിയതെന്ന് കരുതുന്ന കത്ത് മരണത്തിന് തൊട്ടുപിന്നാലെ പ്രചരിച്ചിരുന്നു. പാർട്ടിപത്രത്തിൽ വരിക്കാരെ ചേർക്കുന്നതിനായി സംസ്ഥാനകമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു പ്രസിഡന്റായ എരമല്ലൂർ അർബൻ ബാങ്കിൽ നിന്ന് പരസ്പര ജാമ്യത്തിൽ വായ്പയെടുത്തിരുന്നെന്നും, തിരിച്ചടവിനായുള്ള പണം യഥാസമയം അന്നത്തെ ലോക്കൽ സെക്രട്ടറിക്ക് കൈമാറിയിട്ടും ബാങ്കിൽ അടച്ചില്ലെന്നുമാണ് കത്തിലുണ്ടായിരുന്നത്.

ബാങ്കിൽ നിന്ന് നോട്ടീസ് വന്നതോടെ ചിട്ടിയിൽ ചേർന്ന് വായ്പ തിരിച്ചടയ്ക്കാനായിരുന്നു ലോക്കൽ കമ്മിറ്റിയുടെ തീരുമാനം. 500 രൂപ വീതം മാസംതോറും അടയ്ക്കാൻ സാധിച്ചില്ല. തുടർന്ന് കോടതിയിൽ നിന്ന് നോട്ടീസ് ലഭിച്ചുവെന്നും ജപ്തിയോ അറസ്റ്റോ ഉണ്ടായാൽ ഹൃദ്രോഗിയും, മത്സ്യകർഷകനുമായ തനിക്ക് അത്മഹത്യയല്ലാതെ മറ്റ് മാർഗമില്ലെന്നുമാണ് ജില്ലാ സെക്രട്ടറിയെ അഭിസംബോധന ചെയ്ത് പ്രിന്റ് ചെയ്തിരിക്കുന്ന കത്തിൽ പറയുന്നത്. എന്നാൽ, കത്തിൽ തീയതിയോ ഒപ്പോ രേഖപ്പെടുത്തിയിട്ടില്ല. ജോസ് മാത്യുവിന്റെ സംസ്കാരം ഇന്നലെ നടത്തി.

''ജോസ് മാത്യുവിന് എരമല്ലൂർ അർബൻ ബാങ്കിലുണ്ടായിരുന്ന വായ്പാകുടിശ്ശിക 2022ൽ അടച്ചുതീർത്തതാണ്. മറ്റൊരു പരസ്പര ജാമ്യവായ്പയിൽ അദ്ദേഹം സഹജാമ്യക്കാരനാണ്. ആ വായ്പയുടെ പേരിൽ അദ്ദേഹത്തിന് നോട്ടീസ് അയച്ചിട്ടില്ല

-സി.ബി.ചന്ദ്രബാബു,

എരമല്ലൂർ അർബൻ ബാങ്ക് പ്രസിഡന്റ്

''ജോസ് മാത്യുവിന്റെ കത്ത് ലഭിച്ചിട്ടില്ല. വായ്പയുടെ പേരിലല്ല അദ്ദേഹത്തിന്റെ ആത്മഹത്യ. സ്വകാര്യ കാരണമാകാനാണ് സാദ്ധ്യത

-ആർ.നാസർ,

സി.പി.എം ജില്ലാ സെക്രട്ടറി