ആലപ്പുഴ : ദിവസേന ആയിരക്കണക്കിന് പേർ വന്നുപോകുന്നതും നിരവധി സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതുമായ നഗരമദ്ധ്യത്തിലെ മിനി സിവിൽസ്റ്റേഷനിൽ അഗ്നിരക്ഷാ സംവിധാനങ്ങൾ നോക്കുകുത്തി.

തീപിടിത്ത പ്രതിരോധ സംവിധാനമായ ഫയർ ഹൈഡ്രന്റിന്റെ ഭാഗമായ മോട്ടോറുകളും വാൽവുകളും പ്രവർത്തിപ്പിക്കാതെ പൊടിയും മാറാലയും മൂടി നിശ്ചലമായ അവസ്ഥയിലാണ്. എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്,​ പൊതുമരാമത്ത് ഓഫീസുകൾ,​ ലോട്ടറി ഓഫീസ്,​ സിവിൽ സപ്ളൈസ് ഓഫീസ് തുടങ്ങി നാല് നിലകളിലായി മൂന്ന് ഡസനിലധികം ഓഫീസുകളാണ് ഇവിടെയുള്ളത്. മിനി സിവിൽസ്റ്റേഷൻ തഹസീൽദാരുടെ ചുമതലയിലാണെങ്കിലും പൊതുമരാമത്ത് കെട്ടിടവിഭാഗം എൻജിനീയർക്കാണ് മേൽനോട്ടം. വർഷങ്ങളായി തകരാറിലായ ഫയർ ഹൈഡ്രന്റ് പ്രവർത്തന യോഗ്യമാക്കാൻ ഇനി വൻതുക ചെലവഴിക്കേണ്ടി വരും. ഫയർ ഹൈഡ്രന്റ് പ്രവർത്തനക്ഷമമല്ലെന്ന വിവരം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് അമ്പലപ്പുഴ തഹസീൽദാർ പറഞ്ഞത്.

 13 വർഷം മുമ്പ് ഉദ്ഘാടനസമയത്ത് സ്ഥാപിച്ച അഗ്നിപ്രതിരോധ സംവിധാനങ്ങളാണ് ഇവിടെയുള്ളത്

 വർഷാവർഷമുണ്ടാകേണ്ട പരിപാലനമോ പരിശോധനകളോ ഇല്ലാതെ ഇവ ഉപയോഗശൂന്യമായി

 കൂറ്റൻ ഫയർ ഹൈഡ്രന്റ് സംവിധാനമാണുള്ളത്. 4നിലകളുടെയും മുക്കുംമൂലയും വരെ ബന്ധിപ്പിച്ചാണ് ലൈനുകൾ

 കാൽലക്ഷത്തോളം ലിറ്റർ വെള്ളം സംഭരിക്കാനുള്ള ടാങ്കിനുൾപ്പെടെ അരക്കോടിയോളം രൂപ ചെലവിട്ടിരുന്നു

മോട്ടോറുകൾ തുരുമ്പെടുത്തു, ബോൾ ബെയറിംഗുകൾ ദ്രവിച്ചു, ഹോസുകൾ പൊട്ടിക്കീറി

രക്ഷാവഴികൾ നിറഞ്ഞ്

ആക്രി സാധനങ്ങൾ

നാലുനില കെട്ടിടത്തിൽ എന്തെങ്കിലും തരത്തിലുള്ള തീപിടിത്തമുണ്ടായാൽ ജീവനക്കാർക്കും പൊതുജനങ്ങൾക്കും സുരക്ഷിതമായി താഴെയിറങ്ങാൻ രണ്ട് വശങ്ങളിലായി സംവിധാനംസംവിധാനമുണ്ടാക്കിയിട്ടുണ്ടെങ്കിലും രണ്ടിടത്തും താഴെ മുതൽ മുകളിൽ വരെ പാഴ് വസ്തുക്കൾ നിറഞ്ഞിരിക്കുകയാണ്. തകരാറിലായ ഓഫീസ് ഉപകരണങ്ങൾ,​ ചാക്കുകെട്ടുകൾ ,​ കേടായ കമ്പ്യൂട്ടറുകൾ,​ പ്രിന്ററുകൾ തുടങ്ങിയവയാണ് നിരത്തിയിട്ടിരിക്കുന്നത്.

മിനി സിവിൽസ്റ്റേഷൻ

ഓഫീസുകൾ: 36

ജീവനക്കാർ: 250

പരിസരമാകെ കേടായ വാഹനങ്ങളും പാഴ് വസ്തുക്കളുംനിറഞ്ഞ് തീപിടിത്തതിന് എല്ലാ സാദ്ധ്യതയുമുള്ള മിനി സിവിൽ സ്റ്റേഷനിലെ ഫയർ ഹൈഡ്രന്റ് സംവിധാനം ഉടൻ പ്രവർത്തനക്ഷമമാക്കണം

-ജഗദീഷ് ,​ അമ്പലപ്പുഴ