j

ആലപ്പുഴ: തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ദ്രുതഗതിയിൽ പ്രതിരോധ കുത്തിവയ്പ്പിനുള്ള നടപടിയുണ്ടായെങ്കിലും നഗരത്തിലെ നായ് ശല്യത്തിന് അറുതിയില്ല.

ജനവാസ കേന്ദ്രങ്ങളിലടക്കം കൂട്ടമായി തമ്പടിക്കുന്ന നായ്ക്കളെ ഭയന്നാണ് പലരുടെയും സഞ്ചാരം. നഗരത്തിൽ മാത്രം ഇരുന്നൂറിലധികം നായ്ക്കൾക്ക് ഇനിയും പ്രതിരോധ കുത്തിവയ്പ്പ് നൽകാനുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഈ സാഹചര്യത്തിൽ, എന്ത് ധൈര്യത്തിൽ നാട്ടിലിറങ്ങി നടക്കുമെന്നാണ് പലരും ചോദിക്കുന്നത്. ഏറ്റവും അധികം യാത്രക്കാർ വന്നുപോകുന്ന റെയിൽവേ സ്റ്റേഷൻ പരിസരം ഉൾപ്പടെ തെരുവുനായ്ക്കളുടെ പിടിയിലാണ്.

കടത്ത് കടക്കാൻ നായ്ക്കൾ കനിയണം

1.കരളകം വാർഡിന്റെ കിഴക്കേ അറ്റത്തെ കടവിൽ നിന്ന് വള്ളത്തിൽ കയറിവേണം നെഹ്റുട്രോഫി വാർഡിലെത്താൻ.അക്കരക്കരയിൽ പോകേണ്ട വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാർ സൈക്കിളും ഇരുചക്രവാഹനങ്ങളും സ്ഥിരമായി സൂക്ഷിക്കുന്നത് ഇക്കരക്കരയുടെ ഓരത്താണ്

2. ഈ പ്രദേശത്ത് നായ്ക്കൾ കൂട്ടത്തോടെ തമ്പടിച്ചിരിക്കുന്നതിനാൽ ഒറ്റയ്ക്ക് വന്ന് വണ്ടിയെടുക്കാൻ പലരും ഭയപ്പെടുകയാണ്. സൈക്കിളെടുക്കാനെത്തുന്ന കുട്ടികളെ കടിക്കാനായി ഓടിക്കുന്നതും ഇവിടെ പതിവാണ്. പലരും വടിയുമായിട്ടാണ് ഇതുവഴി സഞ്ചരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു

3. പ്രദേശത്ത് വെളിച്ചമില്ലാത്തതിനാൽ രാത്രിയിൽ കടത്ത് കയറാനെത്തുന്നവർ

നായ്ക്കളുടെ മുന്നിൽ അകപ്പെടുന്നതും പതിവാണ്. ഇവിടെ വഴിവിളക്ക് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വ‌ർഷങ്ങളുടെ പഴക്കമുണ്ട്. മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ഉത്തരവായെങ്കിലും നടപടിയൊന്നുമുണ്ടായില്ല

പേടിച്ചാണ് കടത്ത് കടവിലേക്കെത്തുന്നത്. കൂട്ടത്തോടൊണ് നായ്ക്കൾ കുതിച്ചുവരുന്നത്. പ്രതിരോധ കുത്തിവയ്പ്പുകൊണ്ടുമാത്രം ജനങ്ങൾ സുരക്ഷിതരാകുന്നില്ല

- അജയഘോഷ്, പ്രദേശവാസി