chandra-manushyan

മാന്നാർ: കുട്ടികളിൽ കൗതുകവും ആവേശവും ഉണർത്തി മാന്നാർ കുരട്ടിക്കാട് ശ്രീ ഭൂവനേശ്വരി സ്‌കൂൾ, കുട്ടംപേരൂർ മുട്ടേൽ എം.ഡി.എൽ.പി. സ്‌കൂൾ എന്നിവിടങ്ങളിൽ ചാന്ദ്രമനുഷ്യൻ എത്തി. ചന്ദ്രയാൻ-3 ചാന്ദ്രോപരിതലത്തിൽ ഇറങ്ങിയത് ഓർമ്മിപ്പിച്ച് പ്രഥമ ദേശീയ ബഹിരാകാശ ദിനമായ ഇന്നലെയാണ് ചാന്ദ്രമനുഷ്യൻ കുട്ടികൾക്കരികെയെത്തിയത്.

മാന്നാർ നാഷണൽ ഗ്രന്ഥശാലയും ശാസ്ത്ര സാഹിത്യ പരിഷത്തും ചേർന്ന് സംഘടിപ്പിച്ച ബഹിരാകാശ ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് പുതു തലമുറയ്ക്ക് പ്രചോദനമാകും വിധം ബഹിരാകാശത്തെക്കുറിച്ചും ചന്ദ്രനെക്കുറിച്ചുമെല്ലാം അറിവുകൾ പകർന്നു നൽകാനായി​ട്ടുള്ള പരി​പാടി​. ചന്ദ്രനിൽ വെള്ളമുണ്ടോ, ആകാശവും നക്ഷത്രങ്ങളും ഉണ്ടോ, ഭൂമിയിൽ നിന്നും ചന്ദ്രൻ അകലുകയാണോ തുടങ്ങി കൗതുകകരമായ നിരവധി ചോദ്യങ്ങളാണ് ചന്ദ്രനെ കുറിച്ച് വിദ്യാർത്ഥികൾ ചാന്ദ്രമനുഷ്യനോട് ചോദിച്ചത്. ചാന്ദ്രമനുഷ്യനുവേണ്ടി ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ ഉത്തരങ്ങൾ നൽകി. ചാന്ദ്ര മന്യുഷ്യനോട് നല്ല ചോദ്യങ്ങൾ ചോദിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും നൽകി. നാഷണൽ ഗ്രന്ഥശാല സെക്രട്ടറി എൽ.പി സത്യപ്രകാശ്, പരിഷത്ത് മേഖല സെക്രട്ടറി പി.കെ ശിവൻകുട്ടി, ശ്രീഭുവനേശ്വരി സ്കൂൾ മാനേജർ പ്രദീപ് ശന്തിസദൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ആർ.രാജിവൻ, എം.ഡി.എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് മറിയം.ജി, വിപിൻ വി.നാഥ്, പരിഷത്ത് യുണിറ്റ് സെക്രട്ടറി മോനു ജോൺ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.