ആലപ്പുഴ : കായംകുളം താലൂക്ക് ആശുപത്രിയിൽ ജൂലായ് 19ന് ചികിത്സയ്‌ക്കെത്തിയ കുട്ടിയുടെ തുടയിൽ അത്യാഹിത വിഭാഗത്തിലെ കിടക്കയിൽ നിന്ന് സൂചി തുളച്ചു കയറിയതിനെത്തുടർന്ന്, 14വർഷം വരെ എച്ച്.ഐ.വി പരിശോധന നടത്തണമെന്ന് നിർദ്ദേശിച്ചെന്ന പ്രചരണത്തിന്റെ അടിസ്ഥാനത്തിൽ ഡി.എം.ഒ ഡോ.ജമുന വർഗീസിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ പാനൽ യോഗം ചേർന്നു. 14വർഷം തുടർനിരീക്ഷണം വേണമെന്നതിന് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലെന്ന് യോഗം വിലയിരുത്തി.
കോട്ടയം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോ.ജൂബി ജോൺ, ആരോഗ്യവകുപ്പ് ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.എസ്.ആർ.ദിലീപ് കുമാർ, ആലപ്പുഴ മെഡിക്കൽ കോളേജ് ആന്റി റിട്രോവൈറൽ മെഡിക്കൽ ഓഫീസർ ഡോ.ജമീല, ആലപ്പുഴ വനിത -ശിശു ആശുപത്രി സീനിയർ ശിശുരോഗ വിദഗ്ദ്ധ ഡോ.ശാന്തി, മാവേലിക്കര ജില്ല ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ.പ്രസാദ് എന്നിവരടങ്ങിയ പാനലാണ് കാര്യങ്ങൾ പരിശോധിച്ചത്.
കുട്ടിയുടെ ശരീരത്തിൽ തുളച്ചു കയറിയ സൂചിയിൽ കട്ടപിടിച്ച പഴയരക്തമാണ് ഉണ്ടായിരുന്നതെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധിക്കാനുള്ള നേരിയ സാധ്യതയാണ് കൽപ്പിക്കാൻ കഴിയുന്നതെങ്കിൽ പോലും ഉപരിപരിശോധനയിലൂടെ അടിയന്തരമായി രോഗപ്രതിരോധ സംവിധാനം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുള്ളതായും സ്ഥിരീകരിച്ചിട്ടുണ്ട്. കട്ടപിടിച്ച് പഴകിയ രക്തത്തിൽ നിന്നും എച്ച്.ഐ.വി അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ വിരളമാണ്. എന്നാൽ കുട്ടിയുടെയും കുടുംബത്തിന്റെയും ആശങ്ക അകറ്റുന്നതിന്റെ ഭാഗമായി മൂന്നാം മാസവും ആറാം മാസവും പുനർപരിശോധന നടത്തും. രോഗസാധ്യത പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തുടർ പരിശോധനയ്ക്കുള്ള നിർദ്ദേശമെന്ന് വിദഗ്ദ്ധ പാനൽ പരാമർശിച്ചു.