മാവേലിക്കര: ഗ്രാമീണറോഡുകൾ തകർന്ന് പരിതാപകരമായ നിലയിലായതോടെ ചെട്ടികുളങ്ങരയിൽ യാത്ര ദുഷ്കരമായി. പനച്ചമൂട് - റബ്ബർ തോട്ടം റോഡ്, കാട്ടുവള്ളി - പനിച്ചിവിളമുക്ക് റോഡ്, കൊഴിഞ്ഞനല്ലൂർ - ചെട്ടികുളങ്ങര റോഡ്, ആഞ്ഞിലിപ്ര -പേള റോഡ്,ഭഗവതിപ്പടി കനാൽ റോഡ്, തട്ടയ്ക്കാട്ടുപടി-കമ്പനിപ്പടി റോഡ്, ഒന്നാംകുറ്റി-കണ്ടിയൂർ റോഡ്, പത്തിയൂർ - വടക്കേത്തുണ്ടം - കരിപ്പുഴ റോഡ് എന്നിവ ചെട്ടികുളങ്ങര പഞ്ചായത്തിൽ കൂടി സമാന്തരമായി കടന്നു പോകുന്നതും കായംകുളം - തിരുവല്ല സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്നതുമാണ്. ഈ റോഡുകളുടെ എല്ലാം അവസ്ഥ ദയനീയമാണ്.
ചെട്ടികുളങ്ങരയിൽ നിന്നും വടക്കേത്തുണ്ടം വഴി ഏവൂരേക്ക് പുതിയ റോഡ് നിർമ്മിക്കണമെന്ന ആവശ്യവും ഇതുവരെ സഫലമായിട്ടില്ല. പ്രാരംഭ പ്രവർത്തനങ്ങളും നടന്നിരുന്നെങ്കിലും, ചെട്ടികുളങ്ങര നിവാസികൾക്ക് ഏറെ ഉപകാരപ്രദമാകുമായിരുന്ന ഈ റോഡുനിർമ്മാണത്തിനുള്ള തുടർ നടപടികൾ മുടങ്ങിക്കിടക്കുകയാണ്. തിരക്കേറിയ തട്ടാരമ്പലം,കരിപ്പുഴ ഭാഗങ്ങളിൽ വരാതെതന്നെ ചെട്ടികുളങ്ങരയിൽ നിന്ന് ദേശീയപാതയിലെത്താൻ നിർദ്ദിഷ്ട റോഡ് ഉപകരിക്കുമായിരുന്നു.
ജൽജീവനായി വെട്ടിപ്പൊളിച്ചു
മഴയും വെള്ളക്കെട്ടും ജലജീവൻ മിഷനു വേണ്ടി വെട്ടിക്കുഴിച്ചതുമാണ് റോഡുകളുടെ തകർച്ചയ്ക്ക് വഴിവച്ചത്
പല റോഡുകളുടെയും നവീകരണത്തിനായി നിരവധി തവണ ടെൻഡർ വിളിച്ചെങ്കിലും കരാറുകാർ ഏറ്റെടുത്തില്ല
ജലഅതോറിറ്റി വെട്ടിപ്പൊളിച്ച റോഡുകൾ പഴയപടിയാക്കി നൽകാത്തതും ദുരിതാവസ്ഥയ്ക്ക് കാരണമാണ്
തകർന്ന റോഡുകൾ പിനർനിർമ്മിച്ച് ഗതാഗത യോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം
- നാട്ടുകാർ