ഹരിപ്പാട് : കൃഷിക്ക് സ്ഥലമില്ലെന്ന് പറയുന്നവർക്ക് മുന്നിൽ, ഒരു പാലം തന്നെ കൃഷിയിടമാക്കി ശ്രദ്ധേയനാവുകയാണ് പുളിക്കീഴ് പുത്തൻവീട്ടിൽ ഉദയകുമാർ എന്ന 53കാരൻ. കാർത്തികപ്പള്ളി പഞ്ചായത്തിലെ പ്രധാന പച്ചക്കറി കർഷകനായ ഉദയകുമാർ, മത്സ്യകൃഷിയുടെ ആവശ്യത്തിന് 40 മീറ്റർ നീളത്തിലും രണ്ടടി വീതിയിലും തോട്ടിൽ നിർമിച്ച പാലത്തിലാണ് വിവിധ കൃഷികൾ പരീക്ഷിക്കുന്നത്. കഴിഞ്ഞ തവണ പൂകൃഷിയായിരുന്നെങ്കിൽ ഇത്തവണ പാലത്തിൽ വിളയുക കപ്പലണ്ടിയാണ്.
150 ഗ്രോബാഗുകളിലായാണ് കൃഷി. കടയിൽ നിന്നും തോടോടുകൂടിയ കപ്പലണ്ടി വാങ്ങി ഒരു ബാഗിൽ രണ്ട് കുരു വീതമാണ് നട്ടത്. നാല് മാസമാണ് വിളവെടുപ്പിന് വേണ്ടത്. ഇപ്പോൾ ഒന്നര മാസം പിന്നിട്ടു. നൂറുമേനി വിളവുണ്ടാകുമെന്നാണ് ഉദയന്റെ പ്രതീക്ഷ.
പാലത്തിലെ നാലാമത്തെ കൃഷിപരീക്ഷണമാണിത്. ചീര വിളയിച്ചാണ് തുടക്കമിട്ടത്. പിന്നീട് പയറും കുക്കുമ്പറും വിളയിച്ചു. 480 കിലോ കുക്കുമ്പറും 250 കിലോ പയറും ആണ് പാലത്തിൽനിന്നും ഉദയകുമാർ വിളവെടുത്തത്. കരയിൽ ചെടി നട്ട് വെള്ളത്തിന് മുകളിൽ പന്തൽ കെട്ടിയാണ് പാവൽ,പടവലം എന്നിവ കൃഷി ചെയ്യുന്നത്. ഭാര്യ രതിയും മകൾ ഗൗരികൃഷ്ണയും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.
പച്ചക്കറി തോട്ടവും ഉദയനുണ്ട്. കൃഷിഭവന്റെ ഓണച്ചന്തകളിലേക്ക് പാവൽ,പടവലം,സലാഡ് കുക്കുമ്പർ തുടങ്ങി നിരവധി ഇനങ്ങൾ ഉദയന്റെ തോട്ടത്തിൽ നിന്നും എത്താറുണ്ട്.