ആലപ്പുഴ: പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ആരോഗ്യവകുപ്പ് 687 സ്ഥാപങ്ങളിൽ ഹെൽത്തി കേരള പരിശോധന നടത്തി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത 47 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ശുചിത്വ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങളിൽ നിന്ന് 11,200 രൂപ പിഴ ഈടാക്കി. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു.

ഹോട്ടലുകൾ, ബേക്കറി, കാറ്ററിംഗ് യൂണിറ്റുകൾ, കുടിവെള്ളം കൈകാര്യം ചെയ്യുന്ന യൂണിറ്റുകൾ, അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ, സോഡാ നിർമ്മാണ യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. 60 സ്ഥലങ്ങളിൽ കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിച്ചു. വിവിധ ഇടങ്ങളിലായി 54 ടീമുകളായാണ് പരിശോധന നടത്തിയത്. കൊതുക് വളരാൻ ഇടയുള്ള സാഹചര്യങ്ങൾക്ക് കാരണമാകുക, പകർച്ചവ്യാധികൾക്കിടയാകും വിധം ഭക്ഷണപാനീയങ്ങൾ കൈകാര്യം ചെയ്യുക തുടങ്ങിയവയൊക്കെ ശിക്ഷാർഹമായ കുറ്റകൃത്യങ്ങളാണെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.