ആലപ്പുഴ : കുരുന്നുമനസുകളിലുണ്ടാകുന്ന വീർപ്പുമുട്ടലുകൾ കേൾക്കാനും ആശ്വാസമേകാനും ഉതകുന്ന രീതിയിൽ സ്കൂളുകളിൽ കൗൺസിലിംഗ് നടക്കാത്തത് വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തെ ഉൾപ്പെടെ ബാധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനകം പെൺകുട്ടികളടക്കം രണ്ട് ഡസനോളം വിദ്യാർത്ഥികളാണ് വീടുവിട്ടിറങ്ങിയത്. ഇവരെ പൊലീസ് കണ്ടെത്തി കൗൺസിലിംഗ് ഉൾപ്പടെ നൽകി മടക്കി അയക്കുകയായിരുന്നു.
ജില്ലയിൽ ഒരാഴ്ചക്കുള്ളിൽ രണ്ട് വിദ്യാർത്ഥികളാണ് നിസാര കാര്യങ്ങളുടെ പേരിൽ വീട്ടുകാരോട് പിണങ്ങി ജീവനൊടുക്കിയത്. അമ്മയുമായി പിണങ്ങിയ പതിനാലുകാരൻ നാലുദിവസം വീട്ടിൽ കയറാതിരിക്കുന്ന സംഭവവുമുണ്ടായി.
ജില്ലയിലെ വിവിധതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള 667ഓളം സ്കൂളുകളിൽ തദ്ദേശ സ്ഥാപനങ്ങളും സാമൂഹ്യനീതി വകുപ്പും ലഹരിവിമുക്ത പരിപാടിയുടെ ഭാഗമായി പൊലീസും എക്സൈസും നിയോഗിച്ചതുമുമുൾപ്പെടെ കഷ്ടിച്ച് രണ്ട് ഡസനോളം പേരാണ് കൗൺസിലിംഗിനുള്ളത്. അരലക്ഷത്തിലേറെ കുട്ടികൾ പഠിക്കുന്നിടത്ത് കൗൺസിലിംഗ് വഴിപാടാകുമ്പോൾ കുട്ടികളുടെ സ്വഭാവ രൂപീകരണമുൾപ്പെടെയുള്ള കാര്യങ്ങളിൽ ഗുരുതരപിഴവാണ് സംഭവിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്കൂൾ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനവുമില്ല.
സ്കൂളുകളിൽ കൗൺസിലിംഗിന് ഇടമില്ല
1.നാമമാത്രമെങ്കിലും കൗൺസിലർമാരുള്ള സ്കൂളുകളിൽ കൗൺസിലിംഗിന് ഇടമില്ലാത്തതാണ് പ്രധാന വെല്ലുവിളി
2.ക്ളാസ് മുറികളുടെയോ ഓഫീസിന്റെയോ മൂലയിൽ നടത്തുന്ന കൗൺസിലിംഗിൽ കുട്ടികൾ സ്വകാര്യ ദുഖങ്ങൾ തുറന്നുപറയില്ല
3.കുട്ടികളോട് പരസ്യമായി ഒരുപരിധിക്കപ്പുറം വിവരങ്ങൾ ചോദിച്ചറിയാൻ കൗൺസിലർമാർക്കും കഴിയാതെവരും
4.സ്കൂളുകളിൽ കുട്ടികൾക്ക് കൗൺസിലിംഗിന് പ്രത്യേകമായി ഒരു മുറി നിർമ്മിക്കുകയാണ് അടിയന്തരമായി വേണ്ടത്
5.മുറിയുടെ നിർമ്മിക്കുന്നതിനൊപ്പം ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും കൗൺസിലർമാരുടെ സേവനം ലഭ്യമാക്കുകയും വേണം
ജില്ലയിൽ സ്കൂളുകൾ: 667
കൗൺസിലർമാർ : രണ്ട് ഡസനോളം മാത്രം
ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ കൗൺസിലർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ, അത് ഉപയോഗപ്രദമാക്കാൻ ഫലപ്രദമായ ഇടപെടലില്ല. കരുതലോടെ കൂടൊരുക്കാമെന്ന പദ്ധതിക്കൊപ്പം സ്വകാര്യ ആശുപത്രിയുടെ പങ്കാളിത്തതോടെ മാസത്തിലൊരിക്കൽ സ്കൂളുകൾ തോറും കൗൺസിലിംഗും നൽകുന്നുണ്ട്. കൗൺസിലിംഗിന് പ്രത്യേക മുറിയും അതിനാവശ്യമായ സൗകര്യങ്ങളും സ്കൂളുകളിലില്ലാത്തത് പോരായ്മയാണ്
- കെ.ജി. രാജേശ്വരി, പ്രസിഡന്റ് ,ജില്ലാ പഞ്ചായത്ത്
ലഹരിയ്ക്കെതിരെയുൾപ്പെടെ ബോധവൽക്കരണത്തിനായി സ്കൂളുകളിൽ കൗൺസിലർമാരെ നിയോഗിക്കണം
-സുനിൽ ചന്ദ്രൻ , അദ്ധ്യാപകൻ