ആലപ്പുഴ : കായൽസൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്കിടയിൽ ജലഗതാഗതവകുപ്പിന്റെ വാട്ടർ ടാക്സി സർവീസ് ഹിറ്റാകുന്നു. പരീക്ഷണാർത്ഥം തുടങ്ങിയ വാട്ടർ ടാക്‌സിയിൽ ഉല്ലാസ യാത്രയ്ക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്.
സ്വകാര്യ ഏജൻസികൾ ഒരാൾക്ക് 200 മുതൽ 250രൂപ വരെ ഈടാക്കുമ്പോൾ 100 രൂപയാണ് ജലഗതാഗത വകുപ്പിന്റെ വാട്ടർ ടാക്സിയിലെ നിരക്ക്. പാതിരാമണലിലെ ഉൾകാഴ്ച്ചകൾ കാണാനും അവസരം ഒരുക്കിയാണ് യാത്ര. ഒരു തവണ 10 മുതൽ 15 പേരെ വരെ വഹിക്കുന്നതാണ് വാട്ടർ ടാക്സി. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിൽ നിന്നും എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണ് സർവീസ്.
കുറഞ്ഞചെലവിൽ ആവോളം ആസ്വദിക്കാം
ഹൗസ് ബോട്ട്, ശിക്കാര, സ്പീഡ് ബോട്ടുകൾക്ക് വലിയ നിരക്ക് വാങ്ങുമ്പോൾ സാധാരണക്കാർക്ക് ആശ്വാസമാകുന്ന നിരക്കിലാണ് വാട്ടർ ടാക്സി സർവീസ്
ഇപ്പോൾ ഒരു വാട്ടർ ടാക്സിയാണുള്ളത്. വിനോദ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചതോടെ കൂടുതൽ വാട്ടർ ടാക്സികൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായി
അവധി ദിവസങ്ങളിൽ 14,000രൂപയും മറ്റ് ദിവസങ്ങളിൽ ശരാശരി 8,500 മുതൽ 9,000രൂപയാണ് വാട്ടർ ടാക്സിയിൽ നിന്നുള്ള ദിവസ വരുമാനം.
ജലഗതാഗത വകുപ്പിന്റെ നിരക്ക്: 100 രൂപ (ഒരാൾക്ക്)
സ്വകാര്യമേഖലയിലെ നിരക്ക് : 200 മുതൽ 250രൂപ വരെ (ഒരാൾക്ക്)
ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ വാട്ടർ ടാക്‌സിയിൽ യാത്രക്കാരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ഒരു വാട്ടർ ടാക്‌സി കൂടി ലഭിക്കുന്നതിന് ജല ഗതാഗത വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു.
- ഷാനവാസ് ഖാൻ, സ്റ്റേഷൻ മാസ്റ്റർ, മുഹമ്മ
കുറഞ്ഞ ചെലവിൽ കൂടുതൽ കാഴ്ച്ചകൾ കണ്ട് മടങ്ങാവുന്ന വാട്ടർ ടാക്സി സർവീസ് വിനോദ സഞ്ചാരികൾ പ്രയോജനപ്പെടുത്തണം.
- സി.ടി.ആദർശ്, സംസ്ഥാന ജനറൽ സെക്രട്ടറി, സ്രാങ്ക് അസോസിയേഷൻ