അമ്പലപ്പുഴ: റോഡിൽ മത്സ്യം ഉണക്കുന്നതിൽ പൊറുതിമുട്ടി ജനം. ദേശീയപാതയിൽ അമ്പലപ്പുഴ കച്ചേരി മുക്കിലാണ് നാട്ടുകാരെ ദുരിതത്തിലാക്കി മത്സ്യം ഉണക്ക് തകൃതിയായി നടക്കുന്നത്. പരിസരത്താകെ ദുർഗന്ധം പരക്കുന്നതിനാൽ സമീപ കടക്കാരും അതുവഴിയുള്ള യാത്രക്കാരും ഏറെ ദുരിതത്തിലാണ്. പൊലീസ് സ്റ്റേഷൻ, ആശുപത്രി, വിദ്യാലയം, കല്യണമണ്ഡപം, വ്യാപാര കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കുന്ന അമ്പലപ്പുഴയുടെ ഹൃദയഭാഗമായ കച്ചേരി മുക്കിലാണ് നാടോടികൾ മത്സ്യം റോഡിലിട്ട് ഉണക്കുന്നത്. ബസിലെയും ഇരുചക്രവാഹനങ്ങളിലെയും യാത്രക്കാരും കാൽനടക്കാരും ഉൾപ്പടെ മൂക്കുപൊത്തിയാണ് ഇതുവഴി കടന്നുപോകുന്നത്.
വ്യാപാരികൾ എതിർത്തിട്ടും യഥേഷ്ടം ഉണക്ക് തുടരുകയാണ്. പൊലീസ് ജീപ്പുകൾ ദിവസവും
ചീറിപ്പായുന്ന ജംഗ്ഷനിലെ മത്സ്യ ഉണക്ക് അവരും കണ്ടില്ലെന്ന് നടിക്കുകയാണ്. ദുർഗന്ധം കാരണം സ്കൂൾ കുട്ടികൾ ഛർദ്ദിക്കുന്ന സംഭവം വരെ ഉണ്ടായിട്ടും അധികൃതർക്ക് അറിഞ്ഞ ഭാവമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നടുറോഡിലെ മത്സ്യ ഉണക്ക്
അവസാനിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.