ചെന്നിത്തല: അന്നദാനപ്രഭുവായ തിരുവാറന്മുളയപ്പന്റെ തിരുമുറ്റത്ത് അഷ്ടമി രോഹിണി നാളിലെ വള്ളസദ്യയ്ക്കുള്ള വിഭവമായി ചെന്നിത്തല പള്ളിയോടക്കര 100 ചാക്ക് അരി (അഞ്ച് ടൺ) വഴിപാടായി സമർപ്പിക്കും. ഇന്ന് രാവിലെ 7ന് ചെട്ടികുളങ്ങര ദേവീക്ഷേത്ര സന്നിധിയിൽ നിന്നും ആദ്യ വഴിപാട് കുത്തിയോട്ടപ്പാട്ട് ആചാര്യൻ വിജയരാഘവക്കുറുപ്പിൽ നിന്നും ഏറ്റുവാങ്ങി 8ന് ചെന്നിത്തല വലിയപെരുമ്പുഴ പള്ളിയോട കടവിലെത്തും.
പള്ളിയോട കടവിൽ 93ാംനമ്പർ എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് ദീപു പടകത്തിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഫോക്ക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. എൻ.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര, പ്രതിനിധിസഭാംഗം സതീശ് ചെന്നിത്തല, മാവേലിക്കര താലൂക്ക് യൂണിയൻ സെക്രട്ടറി സനീശ് കുമാർ, മേഖലാ പ്രതിനിധി സദാശിവൻപിള്ള, 93-ാം നമ്പർ എൻ.എസ് എസ്. കരയോഗം സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, ജോ.സെക്രട്ടറി സന്തോഷ് ചാലാ, ട്രഷർ വിനീത് വി.നായർ, പള്ളിയോട പ്രതിനിധി രാകേഷ് മഠത്തിൽ വടക്കേതിൽ, വാർഡ് മെമ്പർ അഭിലാഷ് തൂമ്പിനാത്ത് എന്നിവർ സംസാരിക്കും.
തുടർന്ന് ഭക്തജനങ്ങൾ നൽകുന്ന സ്വീകരണം ഏറ്റുവാങ്ങി ഘോഷയാത്രയായി ആറന്മുളയിൽ എത്തിക്കുന്ന വിഭങ്ങൾ പള്ളിയോട സേവാസംഘം ഏറ്റുവാങ്ങി സമർപ്പിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ്, ഭക്തജനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യ നടക്കുന്നത്. വള്ളസദ്യകളിൽ ഏറ്റവും സുപ്രധാനമായ വള്ളസദ്യയായ അഷ്ടമിരോഹിണി വള്ളസദ്യ ശ്രീകൃഷ്ണന്റെ ജന്മദിനമായ നാളെയാണ് നടക്കുക.