ആലപ്പുഴ : കയർഫെഡ് കേന്ദ്ര ഓഫീസിന് മുന്നിൽ റോഡരികിൽ കിടക്കുന്ന തൊണ്ടി വാഹനം പൊലീസ് മാറ്റാത്തത് കനാൽ സൗന്ദര്യവത്കരണത്തിന് തടസമാകുന്നു. കയർഫെഡ് കെട്ടിടത്തിനോട് ചേർന്നുള്ള ഭാഗത്ത് കിടക്കുന്ന വാഹനം മാറ്റണമെന്ന് ആവശ്യപ്പെട്ട് ആറു മാസത്തിനുള്ളിൽ അഞ്ച് തവണയാണ് കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ ആലപ്പുഴ നോർത്ത് പൊലീസിന് പരാതി നൽകിയത്.
വാഹനം മാറ്റാത്തത് കൊണ്ട് വാടക്കനാൽ തീരത്ത് കയർഫെഡ് സൗന്ദര്യവത്കരിക്കുന്ന ഭാഗത്തെ പ്രവർത്തനങ്ങൾ മുടങ്ങി. നോർത്ത് പൊലീസ് സ്റ്റേഷൻ മുതൽ വെള്ളാപ്പള്ളി പാലംവരെ കനാലിന്റെ തെക്കേക്കരയിലെ 200മീറ്റർ നീളത്തിലുള്ള കരയുടെ പരിപാലനത്തിനാണ് കയർഫെഡിനെ കളക്ടർ ചെയർമാനായുള്ള കനാൽ മാനേജ്‌മെന്റ് കമ്മിറ്റി ചുമതലപ്പെടുത്തിയത്.
ഇട്ടത് പത്തുവർഷം മുമ്പ്
10വർഷം മുമ്പ്നോർത്ത് പൊലീസ് തൊണ്ടിയായി കസ്റ്റഡിയിലെടുത്ത് റോഡരികിലിട്ടതാണ് ലോറി
അപകടത്തിൽപ്പെട്ട മറ്റ് വാഹനങ്ങളുടെ അവശിഷ്ടങ്ങളും ലോറയിൽ കയറ്റിയ അവസ്ഥയിലാണ്
കുറ്റിക്കാടികൾ വെട്ടിത്തെളിച്ച് സൗന്ദര്യ വത്കരിക്കുന്ന ഭാഗത്താണ് തൊണ്ടി വാഹനംകിടക്കുന്നത്
ഇത് ഇവിടെ നിന്ന് മാറ്റിയാൽ മാത്രമേ ടൈൽപാകി മോടിപിടിപ്പിക്കാൻ കഴിയുകയുള്ളൂ
ഇത്രയും ഭാഗത്ത് പൂന്തോട്ടവും ടീ സ്റ്റാളും നിർമ്മിക്കാനും കയർഫെഡിന് പദ്ധതിയുണ്ട്
"ലോറിമാറ്റിയാൽ മാത്രമേ നവീകരണജോലി പൂർത്തീകരിച്ച് ഓണസമ്മാനമായി പദ്ധതി നാടിന് സമർപ്പിക്കാൻ കഴിയൂ. കളക്ടർ, ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവർക്കും പരാതി നൽകി.
- ടി.കെ.ദേവകുമാർ, ചെയർമാൻ, കയർഫെഡ്