ആലപ്പുഴ : വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. സംഘർഷത്തിനിടെ പൊലീസിന് നേരെ പ്രവർത്തകർ കൊടിക്കമ്പും കല്ലുമെറിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ സംയമനം പാലിച്ചതും നേതാക്കളുടെ ഇടപെടലും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കി. സംഭവത്തിൽ 30 പേർ അറസ്റ്റിലായി. മാർച്ച് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
ഡി.ഡി.ഇ ഓഫീസിൽ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായ സംഭവം അന്വേഷിക്കുക, പി എസ് സി നിയമനങ്ങൾക്കായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക,
കരാർ നിയമനം അവസാനിപ്പിക്കുക, കായിക അദ്ധ്യാപകരെ നിയമിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി മാഹിൻ മുപ്പതിൽചിറ, കെ.എസ് .യു സംസ്ഥാന ഭാരവാഹികളായ അൻസിൽ അസീസ്, സുറുമി ഷാഹുൽ,അബ്ബാദ് ലുത്ഫി,അൻസിൽ ജലീൽ,രോഹിത് എം.എസ്, നായിഫ് നാസർ, ആര്യ കൃഷ്ണൻ,ഫ്രാൻസിസ് ജോളി,റാഫി പെരിങ്ങാല, അഫ്നൻ ചങ്ങായിൽ, രാജിക രാമചന്ദ്രൻ, തൻസിൽ നൗഷാദ്, ശേഷഗോപൻ,ആ ദിത്യൻ സനു, ഫഹദ് പി എസ്, അജയ് കൃഷ്ണൻ, എം മനു, ഷാൻ ചാരുംമൂട്, ലിബു വെൺമണി എന്നിവർ പ്രസംഗിച്ചു.