bhuvaneswari-school-team

മാന്നാർ: ജില്ല ചെസ് അസോസിയേഷൻ സൗത്ത് സോണിന്റെ ആഭിമുഖ്യത്തിൽ കുരട്ടിക്കാട് ശ്രീ ഭുവനേശ്വരി സ്കൂളിന്റെ സഹകരണത്തോടെ നടത്തിയ ടീം ചെസ് ചാമ്പ്യൻഷിപ്പിൽ കാറ്റഗറി ഒന്നിൽ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂളും കാറ്റഗറി രണ്ടിൽ മാവേലിക്കര ലിറ്റിൽ കിംഗ്ഡം സ്‌കൂളും, കാറ്റഗറി മൂന്നിൽ ഹരിപ്പാട് അമൃത വിദ്യാലയം സ്‌കൂളും വിജയികളായി. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിനുള്ള ട്രോഫി ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കരസ്ഥമാക്കി. സെപ്റ്റംബർ 4,5 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാനതല ടീം ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ മൂന്നു ടീമുകളും യോഗ്യത നേടി. സൗത്ത് സോണിൽപ്പെട്ട ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിൽ നിന്നായി പതിനെട്ട് സ്‌കൂളുകൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചു.

കുരട്ടിക്കാട് ശ്രീ ഭുവനേശ്വരി ഓഡിറ്റോറിയത്തിൽ നടന്ന ടീം ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ ഭുവനേശ്വരി സ്കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ ഉദ്ഘാടനം ചെയ്തു. സൗത്ത് സോൺ ചെസ് അസോസിയേഷൻ ഭാരവാഹികളായ അനിൽ ദാമോദരൻ, സുജിത് ശ്രീരംഗം, സജി പപ്പൻ, മനോജ് വിബ്ജിയോർ, വിശാൽ, മനു കല്ലുമല, സലിം കൃഷ്ണ, അജീഷ് റഹ്മാൻ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. വിജയികൾക്ക് മാന്നാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ ട്രോഫികൾ വിതരണം ചെയ്തു.