ഹരിപ്പാട് : കാർട്ടൂൺ ചാനൽ റീചാർജ് ചെയ്ത് കൊടുക്കാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ഹരിപ്പാട് മുട്ടം എവിളയിൽ ബാബു - കല ദമ്പതികളുടെ മകൻ കാർത്തിക് (9) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച തൂങ്ങി മരിക്കാൻ ശ്രമിച്ച കാർത്തിക് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെ, വീട്ടിൽ നിന്ന് കുറച്ചകലെ അമ്മ കല നടത്തുന്ന ഇസ്തിരിക്കടയിൽ ചോറുമായി ജ്യേഷ്ഠനും ആറാം ക്ളാസ് വിദ്യാർത്ഥിയുമായ കൗശികിനൊപ്പം എത്തിയ കാർത്തിക് ചാനൽ ചാർജ് ചെയ്ത് തരാൻ അമ്മയോട് ആവശ്യപ്പെട്ടു. എന്നാൽ പോയി പഠിക്കാൻ പറഞ്ഞ കല വൈകിട്ട് റീചാർജ് ചെയ്ത് തരാമെന്നും അറിയിച്ചു. തുടർന്ന് കാർത്തിക് മടങ്ങുകയും വീടിനോട് ചേർന്നുള്ള ഷെഡിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നു. കുളിക്കുകയായിരുന്ന മുത്തശ്ശൻ ചെല്ലപ്പൻ ശബ്ദം കേട്ട് വന്ന് നോക്കിയപ്പോൾ കാർത്തിക് ജനൽ കമ്പിയിൽ സാരിയിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ചെല്ലപ്പൻ ബഹളം വച്ചതിനെത്തുടർന്ന് ഓടിയെത്തിയ പരിസരവാസികളാണ് ആദ്യം മാവേലിക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. കരീലക്കുളങ്ങര പൊലീസ് നടപടി സ്വീകരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. മുട്ടം എധീന സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു കാർത്തിക്. അങ്കണവാടി വിദ്യാർത്ഥിനിയായ കൃതികയാണ് ഇളയ സഹോദരി. ഗൾഫിൽ ഡ്രൈവറായ ബാബു വിവരമറിഞ്ഞ് നാട്ടിലെത്തി.