ആലപ്പുഴ: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെയും പച്ചക്കറി, മത്സ്യം, മാംസം എന്നിവയുടെയും വിലക്കയറ്റവും കരിഞ്ചന്തയും തടയുന്നതിനായി പ്രത്യേക പരിശോധന സംഘം കുട്ടനാട് താലൂക്കിൽ രാമങ്കരിയിൽ പരിശോധനനടത്തി. ഒരു ബേക്കറിയിലും മൂന്ന് പലചരക്ക്, പച്ചക്കറിക്കടകളിലുമായിരുന്നു പരിശോധന. ത്രാസ് മുദ്രവയ്ക്കാത്തതിന് ഒരു സ്ഥാപനത്തിന് ലീഗൽ മെട്രോളജി വകുപ്പ് രണ്ടായിരം രൂപ പിഴ ചുമത്തി. വിലവിവരം പ്രദർശിപ്പിക്കാത്തതിന് മൂന്ന് കേസുകളെടുത്തു. താലൂക്ക് സപ്ലൈ ഓഫീസർ വി.സന്തോഷ്‌കുമാർ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ പി.പ്രവീൺ, ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് പി.ബി.ഷിബി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.