prathishedha-samaram

മാന്നാർ: പഞ്ചായത്തിലെ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കെ.പി.സി.സി അംഗം മാന്നാർ അബ്ദുൽ ലത്തീഫ് പറഞ്ഞു. കഴിഞ്ഞ നാലുമാസമായി മാന്നാർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ തെരുവ് വിളക്ക് പരിപാലനം നടത്താത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തംഗം അജിത്ത് പഴവൂരിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി നിർവഹണം നടത്തിയ കരാറുകാരന് മൂന്നരലക്ഷം രൂപ നൽകാത്ത സാഹചര്യത്തിൽ വാർഡുകളിലെ തെരുവ് വിളക്ക് പരിപാലനം മുടങ്ങിയിരുന്നു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മധു പുഴയോരം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ, അംഗങ്ങളായ രാധാമണി ശശീന്ദ്രൻ, ടി.സി പുഷ്പലത, ഷൈന നവാസ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം ബാലസുന്ദര പണിക്കർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സതീഷ് ശാന്തിനിവാസ്, മണ്ഡലം പ്രസിഡന്റ് ഹരികുട്ടംപേരൂർ, പ്രദീപ് ശാന്തിസദനം, അനിൽ മാന്തറ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ചിത്ര എം.നായർ, സജി മെഹബൂബ്, ജ്യോതി വേലുൂർമഠം, രാകേഷ്, രതി.ആർ, നാരായണൻ നായർ, സലിം ചാപ്രയിൽ തുടങ്ങിയവർ സംസാരിച്ചു. മാന്നാർ ഗ്രാമപഞ്ചായത്തിന് മുമ്പിൽ യു.ഡി.എഫ് നടത്തിയ പ്രതിഷേധ സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനുള്ള നാടകമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി പറഞ്ഞു .ലോക് സഭ, കുട്ടംപേരൂർ ഉപതിരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് പോവുകയും പെരുമാറ്റച്ചട്ടം കാരണവും പദ്ധതി പ്രവർത്തനങ്ങളിൽ അഞ്ചുമാസത്തെ തടസം നേരിടുകയുണ്ടായി. അതുകൊണ്ടാണ് തെരുവ് വിളക്കിന്റെ പരിപാലനത്തിൽ തടസം നേരിട്ടത്. അംഗീകാരം ലഭിച്ചതോടെ എത്രയും വേഗം നടപടികൾ പൂർത്തിയാക്കി തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുമെന്നും ടി.വി.രത്നകുമാരി പറഞ്ഞു.