ആലപ്പുഴ: നഗരമദ്ധ്യത്തിലെ മുല്ലയ്ക്കൽ ടൗണിൽ ജുവലറിയുടെ മച്ചുപൊളിച്ച് വൻ കവർച്ച. പതിറ്റാണ്ടുകളായി മുല്ലയ്ക്കൽ തെരുവിൽ പ്രവർത്തിക്കുന്ന ഗുരു ജുവലറിയിൽ നിന്നാണ് പതിനഞ്ച് ലക്ഷം വിലവരുന്ന വെള്ളിയും ഡിസ് പ്ളേ ആഭരണങ്ങളും കവർന്നത്. ഞായറാഴ്ച പുലർച്ചെ 1.30 ഓടെ മോഷ്ടാവ് കടയ്ക്കുള്ളിൽ കടന്നെന്നാണ് സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മാസ്ക്കും ഗ്ളൗസും ധരിച്ചെത്തിയ മോഷ്ടാവ് ഒരുമണിക്കൂറോളമെടുത്താണ് ഷെൽഫുകളിൽ നിരത്തിയിരുന്ന ആഭരണങ്ങൾ കവർന്നത്. ഇറ്റാലിയൻ ഗോൾഡ് ആഭരണങ്ങളും വെള്ളി ആഭരണങ്ങളുമാണ് കവർന്നത്. കടയുടെ പിൻവശത്തെ കാടുമൂടിയ സ്ഥലത്തുകൂടി എത്തിയ മോഷ്ടാവ് മേൽക്കൂരയുടെ ഓടിളക്കിയശേഷം മച്ചിലെ പ്ളാസ്റ്റർ ഓഫ് പാരിസ് റൂഫിംഗ് പൊളിച്ചാണ് ഉള്ളിലിറങ്ങിയത്. കവർച്ചയ്ക്ക് ശേഷം അതേ രീതിയിതന്നെ രക്ഷപ്പെടുകയും ചെയ്തു. കടയുടമയായ ഗുരുദയാലിന് ഒരുവിവാഹത്തിന് പോകേണ്ടതിനാൽ ഞായറാഴ്ച രാവിലെ ജീവനക്കാരാണ് കട തുറക്കാനെത്തിയത്. അകത്തേക്ക് പ്രവേശിക്കുമ്പോഴാണ് കടമുറിയുടെ മദ്ധ്യഭാഗത്തായി സീലിംഗ് പൊളിച്ചതിന്റെ അവശിഷ്ടങ്ങളും ഹോളും കണ്ടത്.

അദ്ദേഹം ഉടൻ കടയുടമയെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കടയുടമ വിവരം പൊലീസിനെയും ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളെയും അറിയിക്കുകയായിരുന്നു. നോർത്ത്പൊലീസ് സ്ഥലത്തെത്തി കട ബന്തവസിലാക്കി. തുടർന്ന് ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസുകാരും ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡുമെത്തി തെളിവുകൾ ശേഖരിച്ചു.

ലോക്കർ തുറക്കാനായില്ല

ഏതാനും വെള്ളി കൊലുസുകളൊഴികെ മുഴുവൻ ആഭരണങ്ങളും കവർന്ന മോഷ്ടാവ് ലോക്കർ തുറക്കാനായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ലോക്കറിന്റെ ഹാന്റിലിൽ ഗ്ളൗസിട്ട കൈകൊണ്ടുപിടിച്ച അടയാളങ്ങൾ ഫോറൻസിക് വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. കടയിലെയും പരിസരത്തെയും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നതായും

ചില സൂചനകൾ ലഭിച്ചതായും മോഷ്ടാവ് ഉടൻ പിടിയിലാകുമെന്നും ആലപ്പുഴ ഡിവൈ.എസ്.പി മധുബാബു പറഞ്ഞു.