അമ്പലപ്പുഴ: ജില്ലയിലെ ഭൂരഹിത - ഭവന രഹിതരായ കുടുംബങ്ങൾക്കായി പുന്നപ്ര പറവൂരിൽ ആരംഭിച്ച ഫ്ലാറ്റുകളുടെ നിർമ്മാണം കോളം വാർക്കലിൽ ഒതുങ്ങി. ലൈഫ് പദ്ധതിയിൽപ്പെടുത്തി നിർമ്മിക്കുന്ന ഫ്ലാറ്റുകളുടെ ശിലാസ്ഥാപനം നാലുവർഷം മുമ്പാണ് മുഖ്യമന്ത്രി നിർവഹിച്ചത്. നഗരസഭ വിട്ടുനൽകിയ പറവൂർ വാട്ടർ വർക്ക്സ് നിന്നിരുന്ന സ്ഥലത്താണ് ഭവനസമുച്ചയ നിർമ്മാണം ആരംഭിച്ചത്.
പൂർണമായും പ്രീ ഫാബ്രിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന സമുച്ചയത്തിന്റെ നിർമ്മാണ ചെലവ് 35 കോടിയാണ്. ഓരോ കുടുംബങ്ങൾക്കും 22 ലക്ഷം രൂപയോളം ചെലവാകും.വീടിനൊപ്പം ജീവനോപാധി, അടിസ്ഥാന സൗകര്യം, അങ്കണവാടി, വൃദ്ധജന പരിപാലന സൗകര്യം എന്നിവ ചേർത്തുകൊണ്ടുള്ള ഭവനസമുച്ചയമാണ് വിഭാവനം ചെയ്തത്. വിവിധ വകുപ്പുകളുടെ പദ്ധതികൾ ഏകോപിപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ലൈഫ് പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ, നാലുവർഷം പിന്നിട്ടിട്ടും ഭവന സമുച്ചയത്തിന്റെ അടിത്തറ പോലും ഉറച്ചില്ല.
ആദ്യഗഡു മുടങ്ങി, കരാറുകാർ പിണങ്ങി
1.ഹൈദരാബാദിലെ പെന്നാർ ഇൻഡസ്ട്രീസ് ആയിരുന്നു നിർമ്മാണത്തിന്റെ കരാറുകാർ. ആദ്യഗഡുതന്നെ മുടങ്ങിയതോടെ അവർ നിർമ്മാണം നിർത്തിവച്ചു. സാധന സാമഗ്രികൾ തിരികെ കൊണ്ടുപോയി
2.പദ്ധതിപ്രദേശം കാടുപിടിച്ച് കന്നുകാലികളുടെ ഇടത്താവളമായും ലഹരി സംഘങ്ങളുടെ സ്വൈര്യ വിഹാരകേന്ദ്രമായും മാറി. ഇതോടെ നാട്ടുകാർക്ക് സ്വൈര്യക്കേടുമായി
ചെലവ് : ₹35 കോടി
ഭവനസമുച്ചയം
കെട്ടിടങ്ങൾ: 2
ഫ്ലാറ്റുകൾ : 78 വീതം
നിലകൾ: 7
കുടുംബങ്ങൾ: 156
സ്ഥലം: 2.15 ഏക്കർ
മുനിസിപ്പാലിറ്റിയുടെ സ്ഥലമാണെങ്കിലും പുന്നപ്ര വടക്ക് പഞ്ചായത്തിന്റെ പരിധിയിലായതിനാൽ തീരദേശത്തെ സാധാരണക്കാരായ വിധവകൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് കുറച്ച് വീടുകൾ ഇതുവഴി ലഭ്യമാക്കാമെന്ന് വാക്കുപറഞ്ഞിരുന്നു. എന്നാൽ നിർമ്മാണം നിലച്ചതോടെ അത് പാഴ്‌വാക്കായി
- രജിത് രാമചന്ദ്രൻ, പുന്നപ്ര വടക്ക് പഞ്ചായത്ത് അംഗം