ambala

അമ്പലപ്പുഴ: സ്വകാര്യമില്ലുകാരുടെയും ഇടനിലക്കാരുടെയും ചൂഷണത്തിൽ നിന്ന് കുട്ടനാട്ടിലെ

നെൽക്കർഷകരെ രക്ഷിക്കാൻ പ്രഖ്യാപിച്ച റൈസ്‌മിൽ പദ്ധതി രണ്ടുപതിറ്റാണ്ട് കഴിഞ്ഞിട്ടും യാഥാർത്ഥ്യമായില്ല. സർക്കാരിന്റെ 100 ദിനപരിപാടിയിൽ തകഴി റൈസ്‌മിൽ പദ്ധതി കയറിപ്പറ്റിയെങ്കിലും ഒരടിപോലും മുന്നോട്ടുപോയില്ല. എന്നാൽ ആറ് മാസം മുമ്പ് പ്രഖ്യാപിച്ച ചെങ്ങന്നൂരിലെ റൈസ് മില്ലിന്റെ നിർമ്മാണം പൂർത്തിയായി എന്നുമാത്രമല്ല,​ മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്യും.

അപ്പർകുട്ടനാട്ടിലെ എടത്വ, തകഴി, വീയപുരം, തലവടി എന്നിവിടങ്ങളിലെ 134ഓളം പാടശേഖരങ്ങളിലെയും ലോവർ കുട്ടനാട്ടിലെ ചമ്പക്കുളം, നെടുമുടി, മുട്ടാർ എന്നിവിടങ്ങളിലെ നൂറോളം പാടശേഖരങ്ങളിലെയും നെല്ല് ഇപ്പോൾ എറണാകുളം കാലടിയിലെ സ്വകാര്യ മില്ലുകൾ ഈർപ്പത്തിന്റെയും ഉണക്കിന്റെ പേരുപറഞ്ഞ് കർഷകരെ പരമാവധി ദ്രോഹിച്ച് കടത്തിക്കൊണ്ടുപോകുകയാണ്. ഇത് കർഷകർക്ക് വരുത്തുന്ന കഷ്ടവും നഷ്ടവും വളരെ വലുതാണ്.

ശുദ്ധജലത്തിന്റെ ലഭ്യത കുറവാണ് പദ്ധതിക്ക് പോരായ്മയായി ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഒരു കിലോമീറ്റർ ദൂരത്തിൽ കരുമാടിയിൽ ഇപ്പോൾ ജല ശുദ്ധീകരണ പ്ലാന്റുണ്ട്. റോഡ്, ട്രെയിൻ സൗകര്യവുമുണ്ട്. പദ്ധതി യാഥാർത്ഥ്യമാക്കിയിരുന്നെങ്കിൽ കുട്ടനാട്ടിലെ കർഷകരെ സ്വകാര്യ മില്ലുകാരുടെ ചൂഷണത്തിൽ നിന്ന് രക്ഷിക്കാമായിരുന്നു.

യന്ത്രം തുരുമ്പെടുത്തു,​ കെട്ടിടം തകർന്നു

1.കൃഷി മന്ത്രിയായിരുന്ന കൃഷ്ണൻ കണിയാംപറമ്പിൽ 2000ത്തിലാണ് തകഴി ക്ഷേത്രത്തിന് കിഴക്ക് വെയർഹൗസിന് സമീപം ആധുനിക റൈസ് മില്ലിനായി തറക്കല്ലിട്ടത്. 1.70 കോടി രൂപ ചെലവിൽ മില്ലിന്റെ നിർമ്മാണവും തുടങ്ങി. 1.62 ഏക്കർ സ്ഥലത്ത് കെട്ടിട സമുച്ചയത്തിനായി പണി തുടങ്ങി

2. സംഭരണ ഗോഡൗൺ, നെല്ല് കുത്തുവിഭാഗം, അരി സംഭരണ വിഭാഗം, ഓഫീസ് എന്നിവ ഉൾപ്പടെയുള്ളതായിരുന്നു കെട്ടിട സമുച്ചയം. 20 ടൺ ആയിരുന്നു മില്ലിന്റെ ശേഷി. 8 മണിക്കൂർ വീതമുള്ള രണ്ടു ഷിഫ്റ്റുകളിലായി 40 ടൺ ഒരു ദിവസം അരിയാക്കി മാറ്റാനായിരുന്നു പദ്ധതി

3. ലക്ഷങ്ങൾ ചെലവഴിച്ച് കെട്ടിടവും കുറെ യന്ത്രസാമഗ്രികളും സജ്ജമാക്കിയതും പണി നിലച്ചു. പിന്നീട് കുറെ യന്ത്രങ്ങൾ ആലത്തൂരിലേക്ക് കൊണ്ടുപോയി. ശേഷിച്ച യന്ത്രങ്ങൾ തുരുമ്പെടുക്കുകയും കെട്ടിടം ജീർണിച്ച് കുറെ ഭാഗം തകരുകയും ചെയ്തു

4. മുല്ലക്കര രത്നാകരൻ മന്ത്രിയായപ്പോൾ 2007ൽ പദ്ധതി പുനരാരംഭമെന്ന പേരിൽ വീണ്ടും തറക്കല്ലിട്ടു. എന്നിട്ടും റൈസ് മിൽ കുട്ടനാട്ടുകാരുടെ ദിവാസ്വപ്നമായി തന്നെതുടർന്നു. ആയിരം പേർക്ക് പ്രത്യക്ഷമായും അഞ്ഞുറിലധികം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമായിരുന്നു പദ്ധതിയാണ് പാതിവഴിയിലായത്

നെല്ലിന്റെ വിപണന സാദ്ധ്യത കുറഞ്ഞതോടെ രണ്ടാം കൃഷി പകുതിയായി. തകഴിയിലെ റൈസ് മിൽ ആരംഭിച്ചിരുന്നെങ്കിൽ കൊയ്യുന്നു അന്നു തന്നെ നെല്ല് സംഭരിക്കാനാകും. റേഷൻ കടകളിൽ നൽകാനുള്ള അരി കുട്ടനാടൻ പാടശേഖരങ്ങളിൽ നിന്ന് നെല്ല് സംഭരിച്ച് ഇവിടെ തന്നെ അരിയാക്കി നൽകാൻ നടപടിവേണം

-അജയകുമാർ,​ പ്രസിഡന്റ്,​ തകഴി ഗ്രാമപഞ്ചായത്ത്