ആലപ്പുഴ: മൊബിലിറ്റി ഹബ് പദ്ധതിയുടെ ഭാഗമായി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വളവനാട്ടേക്ക് മാറാനിരിക്കെ, സ്റ്റാൻഡിന്റെ ഭാഗമായ ആലപ്പുഴ എ.ടി.ഒ ഓഫീസ് ഓണത്തിന് മുമ്പ് സമീപത്തെ കെട്ടിടത്തിലേക്ക് മാറും. കോഫിഹൗസിന്റെ മുകൾ നിലയിലേക്കാണ് ഓഫീസ് മാറ്റുന്നത്. എ.ടി.ഒ, സൂപ്രണ്ട്, ക്ളാർക്ക് ഉൾപ്പടെ 15 ഓളം ജീവനക്കാർ ജോലി ചെയ്യുന്ന ഓഫീസിനാണ് മാറ്റം.
മുറി തിരിക്കൽ, ഫാനുകളും ലൈറ്റുകളും സ്ഥാപിക്കൽ എന്നിവ പൂർത്തിയായാൽ
പ്രവർത്തനം അവിടേക്ക് മാറ്റും. നിലവിലെ എ.ടി.ഒ ഓഫീസ് പഴക്കത്താൽ ചോർന്നൊലിച്ച് അപകടാവസ്ഥയിലാണ്. താഴത്തെ നിലയിലെ ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടർ, റിസർവേഷൻ, കൺസഷൻ ഓഫീസ്, വിശ്രമമുറി എന്നിവയ്ക്ക് മാറ്റമുണ്ടാകില്ല.
പ്രതീക്ഷ മൊബിലിറ്റി ഹബിൽ
ബസ് സ്റ്റാൻഡ് നവീകരണം കാലങ്ങളായുള്ള ആവശ്യമാണെങ്കിലും ആരും ചെവിക്കൊണ്ടിരുന്നില്ല. കാലവർഷത്തിന് പിന്നാലെ പതിറ്റാണ്ടുകൾ പഴക്കമുള്ള എ.ടി.ഒ ഓഫീസും ബസ് സ്റ്റാൻഡും ചോർന്നൊലിക്കാൻ തുടങ്ങി. ഇപ്പോൾ മൊബിലിറ്റി ഹബിലാണ് ബസ് യാത്രക്കാരുടെയും ജീവനക്കാരുടെയും പ്രതീക്ഷ. ഹബിന്റെ നിർമ്മാണപ്രവർത്തനത്തിനായി ബസ് സ്റ്റാൻഡ് ഏറ്റെടുക്കണമെങ്കിൽ പ്രവർത്തനം വളവനാട്ടേക്ക് മാറ്റേണ്ടതുണ്ട്. വളവനാട്ടെ നിർമ്മാണം ഇനിയും പൂർത്തിയാകാനുണ്ട്. ഈ അവസ്ഥയിൽ ഡിപ്പോയുടെ പ്രവർത്തനം എപ്പോൾ അവിടേക്ക് മാറുമെന്നോ, ബസുകൾ എങ്ങനെ വന്നുപോകുമെന്നോ വ്യക്തതയില്ല.
................................
ചോർന്നൊലിക്കുന്ന എ.ടി.ഒ ഓഫീസ് ഓണത്തിന് മുമ്പ് തൊട്ടടുത്ത കെട്ടിടത്തിന്റെ മുകൾ നിലയിലേക്ക് മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ
- എ.ടി.ഒ, ആലപ്പുഴ