ചെന്നിത്തല: തൃപ്പെരുന്തുറ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ തെക്കുവശത്തായി മൂന്നര സെന്റ് സ്ഥലത്ത് അഖിലഭാരത അയ്യപ്പസേവാസംഘം ചെന്നിത്തല യൂണിറ്റ് പുതുതായി നിർമ്മിച്ച് 'സന്നിധാനം' എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്‌ഘാടനം പന്തളം കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി സുരേഷ് വർമ്മ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സോമനാഥൻപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം അഖിലഭാരത അയ്യപ്പസേവാസംഘം ദേശീയ സെക്രട്ടറി അഡ്വ.ഡി.വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മോഹനൻ കെ.നായർ മുഖ്യപ്രഭാഷണം നടത്തി. നിർദ്ധന രോഗികൾക്കുള്ള സാന്ത്വന പദ്ധതി ഉദ്‌ഘാടനവും സാമ്പത്തിക സഹായ വിതരണവും സുരേഷ് വർമ്മ നിർവഹിച്ചു. മാളികപ്പുറം മുൻ മേൽശാന്തി കുറിയിടത്തുമഠം ഉണ്ണികൃഷ്ണൻ നമ്പൂതിരി, തിരുവാഭരണ പേടക സംഘം ഗുരുസ്വാമി കുളത്തിലാൽ ഗംഗാധരൻപിള്ള, ഗുരുസ്വാമി മോഹനൻ ചക്കനാട്ട്, പ്രകാശ് തോട്ടുപുറത്ത്, ഹരികുമാർ നമ്പ്യാരേത്ത് എന്നിവർക്ക് ആദരവും അയ്യപ്പസേവാസംഘം കുടുംബാംഗങ്ങളുടെ മക്കളിൽ കഴിഞ്ഞ അദ്ധ്യയനവർഷം ഉന്നത വിജയം നേടിയവർക്ക് അവാർഡ് വിതരണവും നടത്തി. പി.ചന്ദ്രൻ, രവീന്ദ്രൻപിള്ള മഠത്തിൽ, ഡോ.വേണുഗോപാൽ കാരാഴ്മ, രാജേന്ദ്രപ്രസാദ് അമൃത, വിജയകുമാർ ജയസദനം, അജിത്ത് ആയിക്കാട്ട്, വേണു ഇടയാട്ടി പുതുവൽ, വാർഡ് മെമ്പർ ബിനു, എന്നിവർ സംസാരിച്ചു. അശോകൻ നായർ കൊയ്പ്പള്ളിൽ സ്വാഗതവും മാധവൻ ഉണ്ണിത്താൻ നന്ദിയും പറഞ്ഞു.