അമ്പലപ്പുഴ: അമ്പലപ്പുഴയിൽ ശോഭായാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തകഴി ,പുറക്കാട് ,അമ്പലപ്പുഴ ,വണ്ടാനം ,പുന്നപ്ര ,പറവൂർ തുടങ്ങിയ ആറ് സ്ഥലങ്ങളിലായി മഹാശോഭ യാത്ര അടക്കം അഞ്ച് ആഘോഷം പരിപാടികളാണ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടക്കുക .ഇന്ന് രാവിലെ അമ്പലപ്പുഴ ഖണ്ഡ് പരിധിയിൽ പതിമൂന്നോളം സ്ഥലങ്ങളിൽ ഉറി അടി നടക്കും .ഇതിൽ അമ്പലപ്പുഴയിൽ രാവിലെ 8 ന് ഇരട്ടക്കുളങ്ങര ക്ഷേത്രത്തിൽ നിന്ന് ഉറി അടിഘോഷയാത്ര ആരംഭിച്ച് ഉച്ചയ്ക്ക് പന്ത്രണ്ടോടെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിക്കും .തുടർന്ന് വൈകിട്ട് കരുമാടി ,പുതുകുളങ്ങര ,പായൽ കുളങ്ങര ,കഞ്ഞിപ്പാടം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ചെറുശോഭായാത്രകൾ അമ്പലപ്പുഴ കച്ചേരിമുക്കിൽ എത്തി മഹാശോഭായാത്രയായി അമ്പലപ്പുഴ ക്ഷേത്രത്തിൽ സമാപിക്കും . തകഴി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന ചെറുശോഭായാത്രകൾ ആശുപത്രി ജംഗ്ഷനിൽ എത്തി മഹാശോഭായാത്രയായി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സമാപിക്കും. പുറക്കാട് മണ്ഡലത്തിൽ കരൂർ ,പഴയങ്ങാടി പുറക്കാട് ,പുത്തൻ നട ,തോട്ടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ചെറുശോഭായാത്രകൾ ഒറ്റ പ്പനയിൽ എത്തി മഹാശോഭായാത്രയായി ചേന്നങ്കര ഉരിയരി ഉണ്ണിത്തേവർ മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിക്കും. അമ്പലപ്പുഴ വടക്ക് മണ്ഡലത്തിൽ കൊപ്പാറ കടവ് ,കുറവൻതോട് ,വണ്ടാനം ,വളഞ്ഞവഴി ഭാഗങ്ങളിൽനിന്ന് ആരംഭിക്കുന്ന ചെറുശോഭായാത്രകൾ വണ്ടാനം ആശുപത്രി ജംഗ്ഷനിൽ എത്തി മഹാശോഭായാത്രയായി തേവരുന്ന നട ക്ഷേത്രത്തിൽ സമാപിക്കും. പുന്നപ്ര വടക്ക് മണ്ഡലത്തിൽ പുന്നപ്ര ,പറവുർ മേഖലകളിൽ നിന്നുള്ള ചെറുശോഭായാത്രകൾ സംഗമിച്ച് അറവുകാട് ശ്രീദേവീ ക്ഷേത്രത്തിൽ സമാപിക്കും .