ആലപ്പുഴ: നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ മുല്ലയ്ക്കൽ തെരുവിലെ ഗുരു ജുവലറിയിലുണ്ടായ കവർച്ച വ്യാപാരി സമൂഹത്തിന് നടുക്കമായി. ഏതാനും വർഷം മുമ്പ് നഗരത്തിലെ മറ്റൊരു ജുവലറിയിൽ നിന്ന് രണ്ട് കിലോ സ്വർണം കവർന്ന ശേഷമുണ്ടായ വലിയ സംഭവമായിരുന്നു ഇന്നലത്തേത്. ഗുരു ജുവലറിയിൽ നിന്ന് വെള്ളിക്കൊപ്പം പ്രദർശിപ്പിച്ചിരുന്ന റോൾഡ് ഗോൾഡും കള്ളൻ കൊണ്ടുപോയിട്ടുണ്ട്. രാത്രി ഒന്നരയോടെ കടയ്ക്കുള്ളിൽ കയറിയ മോഷ്ടാവ് അതിന് മുമ്പേ നഗരത്തിലെത്തിയിട്ടുണ്ടെന്ന നിഗമനത്തിൽ നഗരത്തിലെ മുഴുവൻ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് പരതുന്നുണ്ട്. ജയിലിൽ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ മോഷ്ടാക്കളുടെയും കുറ്റവാളികളുടെയും വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്. അതേസമയം,​ ഏറ്റവുമധികം കച്ചവടം നടക്കുന്ന സീസൺകൂടിയായ ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങളുടെ സുരക്ഷയ്ക്ക് പൊലീസ് കൂടുതൽ ശ്രദ്ധചെലുത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. മുല്ലയ്ക്കൽ ചിറപ്പ് സമയത്ത് മാത്രമാണ് ഇവിടെ ഔട്ട് പോസ്റ്റ് പ്രവർത്തിക്കാറ്.