മാന്നാർ: ദേശീയ പാതയ്ക്കും എം.സി റോഡിനും സമാന്തരമായി കായംകുളം-തിരുവല്ല സംസ്ഥാന പാതയിൽ മാന്നാർ ടൗണിൽ വർദ്ധിച്ചു വരുന്ന ഗതാതക്കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. സ്റ്റോർജംഗ്ഷൻ മുതൽ പന്നായി പാലം വരെയുള്ള രണ്ട് കിലോമീറ്റർ ദൂരം രാവിലെ മുതൽ വൈകിട്ട് വരെയും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. വെങ്കല വ്യവസായത്തിന് പേരുകേട്ട മദ്ധ്യ തിരുവിതാംകൂറിലെ പ്രധാന വാണിജ്യ കേന്ദ്രമായ മാന്നാറിലേക്ക് വിദൂരങ്ങളിൽ നിന്ന് പോലും എത്തുന്ന ഉപഭോക്താക്കളും പ്രമുഖ ആരാധനാലങ്ങളായ പരുമലപ്പള്ളി, പനയന്നാർകാവ് ദേവീക്ഷേത്രം, മാന്നാർ പുത്തൻപള്ളി ജുമാമസ്ജിദ്, തൃക്കുരട്ടി മഹാദേവർക്ഷേത്രം എന്നിവിടങ്ങളിലേക്ക് ദിനം പ്രതി എത്തുന്ന തീർത്ഥാടകരും ഗതാഗതക്കുരുക്കിൽപ്പെട്ട് നട്ടം തിരിയുകയാണ്.മാന്നാർ ടൗണിൽ തൃക്കുരട്ടി ജംഗ്ഷൻ മുതൽ പരുമലക്കടവ് വരെ റോഡിന്റെ ഇരുവശങ്ങളും കയ്യേറിയുള്ള അനധികൃതമായ പാർക്കിംഗും ഗതാഗതക്കുരുക്കിന് ഏറെ കാരണമാകുന്നു. മാന്നാർ എസ്.ബി.ഐക്ക് സമീപമെത്തുമ്പോൾ ഈ കുരുക്ക് കൂടുതൽ മുറുകുന്നതോടെ രോഗികളുമായി വരുന്ന ആംബുലൻസുകൾക്ക് പോലും കടന്നു പോകാൻ കഴിയാതാവുന്നു.ഗതാഗതകുരുക്കിന് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുളളതാണെങ്കിലും പഞ്ചായത്തോ നിയമപാലകരോ യാതൊരു നടപടിയും കൈക്കൊള്ളാറില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ഗതാഗതക്കുരുക്കിന് അല്പമെങ്കിലും ആശ്വാസമാകുമെന്ന് കരുതിയാണ് മാന്നാർ പരുമലക്കടവ്, തൃക്കുരുട്ടി മഹാദേവർ ക്ഷേത്രജംഗ്ഷൻ, സ്റ്റോർജംഗ്ഷൻ എന്നിവിടങ്ങളിൽ നാലുവർഷം മുമ്പ് സജി ചെറിയാൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് സിഗ്നൽ സംവിധാനം സ്ഥാപിച്ചത്. സിഗ്നൽ സംവിധാനം അവശ്യ ഘടകമാണെങ്കിലും അനുബന്ധ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതാണ് കൂടുതൽ കുരുക്കാകുന്നത്
.........
#വിലങ്ങായി മുല്ലശ്ശേരിക്കടവിൽ കൂറ്റൻ ജലസംഭരണി
ഗതാഗതക്കുരുക്കിന് പരിഹാരമായി മുല്ലശ്ശേരിക്കടവിൽ പമ്പാനദിക്ക് കുറുകെ പാലം പണിത് ബൈപാസ് സാദ്ധ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ ഹരിപ്പാട് ശുദ്ധജല പദ്ധതിക്കായി മുല്ലശ്ശേരിക്കടവിൽ കൂറ്റൻ ജലസംഭരണി നിർമ്മിച്ചതോടെ ആ പ്രതീക്ഷകൾ ഇല്ലാതായി. പുതിയ മാർഗങ്ങൾ കണ്ടെത്താൻ മന്ത്രി സജി ചെറിയാന്റെ നിർദ്ദേശത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും പാരിസ്ഥിതിക പഠനത്തിനും മണ്ണുപരിശോധനക്കും ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. തുടർ നടപടികൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നാട്.