ആലപ്പുഴ: കറുത്തകാളിപ്പാലം മുതൽ മുപ്പാലം വരെയുള്ള 640 മീറ്റർ കനാൽക്കരയാകെ ഔഷധത്തോട്ടമായി മാറുന്നു. പരിസ്ഥിതി സംഘടനയായ ഗ്രീൻ റെസ്ക്യു ആക്ഷൻ ഫോഴ്സാണ് (ഗ്രാഫ്) കനാൽക്കരകളിലെ പച്ചപ്പ് വീണ്ടെടുക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. സംസ്ഥാനമാകെ രണ്ടായിരത്തിലധികം പ്രവർത്തകരുള്ള കൂട്ടായ്മ കഴിഞ്ഞ ഒരുമാസമായി ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ്. സെപ്തംബർ പത്തിനുള്ളിൽ ഔഷധച്ചെടി,പൂച്ചെടി,വാട്ടർ ഫൗണ്ടൻ,ഇരിപ്പിടങ്ങൾ എന്നിവയായി വിനോദസഞ്ചാര കേന്ദ്രമായി മുപ്പാലത്തിലെ കനാൽകരകൾ മാറും. ആലപ്പുഴ പൈതൃക പദ്ധതിയിൽപ്പെടുന്ന മുപ്പാലം കനാൽക്കരയുടെ മൂന്ന് വർഷത്തെ പരിപാലനം മുസിരിസ് അധികൃതരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് ഗ്രാഫ് ഏറ്റെടുത്തിരിക്കുന്നത്. തുളസി ഗാർഡൻ, ശലഭ ഗാർഡൻ, നക്ഷത്രവനം, രാശി - നവഗ്രഹ വനം തുടങ്ങിയവയ്ക്കായി രണ്ടായിരത്തിലധികം ചെടികൾ കരകളിൽ നടും. ജില്ലാ കളക്ടർ മുഖാന്തരം ആലപ്പുഴ വല്ലഭദാസ് കാഞ്ചിയുടെ സഹകരണത്തോടെയാണ് ഗ്രാഫ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഗ്രാഫ് സംസ്ഥാന പ്രസിഡന്റ് രതീഷ് സൈലന്റ് വാലി , സംസ്ഥാന സെക്രട്ടറി അഷ്റഫ് മാളിക്കുന്ന്, ആലപ്പുഴ ജില്ലാ ഡയറക്ടർ വിവേക് കുമാർ, ജില്ലാ പ്രസിഡന്റ് വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

............

പച്ചപ്പിന്റെ വീണ്ടെടുപ്പുകാർ

 കേരളത്തിലെ വനമേഖലകളിലെ കാട്ടുതീ കെടുത്തുക എന്ന ലക്ഷ്യത്തിൽ 2018ൽ വിവിധ ജില്ലകളിലെ പരിസ്ഥിതി സ്നേഹികൾ ചേർന്ന് രൂപീകരിച്ച വാട്സപ്പ് കൂട്ടായ്മയാണ് 'കാട്ടുതീ'.

 രണ്ടു വർഷം മുമ്പ് ഗ്രീൻ റെസ്ക്യു ആക്ഷൻ ഫോഴ്സ് എന്ന പേരിൽ സംഘടന രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥികൾ, ഡോക്ടർമാർ, അദ്ധ്യാപകർ തുടങ്ങി വിവിധ തുറകളിൽ നിന്നുള്ളവരുണ്ട്.

 പ്രദേശം കൃഷിയോഗ്യമാണോയെന്നറിയാൻ കനാലിലെ ജലം രാസപരിശോധന നടത്തിയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ദിവസേന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബാച്ചുകളായി പ്രവർത്തകരെത്തിയാണ് ജോലികൾ ചെയ്യുന്നത്.

 ഇരു കരകളിൽ നിന്നായി പ്ലാസ്റ്റിക്കടക്കം ലോഡ് കണക്കിന് മാലിന്യങ്ങൾ നീക്കം ചെയ്തു. ആദിവാസി സമൂഹങ്ങളിൽ നിന്ന് സമാഹരിച്ച അപൂർവ്വയിനം ഔഷധച്ചെടികൾ ഉൾപ്പടെ കനാൽകരകളിൽ നട്ടു തുടങ്ങി .

.................

''ആലപ്പുഴയിൽ നിന്നാരംഭിച്ച് സംസ്ഥാനമാകെ ഔഷധത്തോട്ടങ്ങൾ വ്യാപകമാക്കുകയാണ് ലക്ഷ്യം. രണ്ടാഴ്ച്ചയ്ക്കകം സായാഹ്നങ്ങൾ ചെലവഴിക്കാവുന്ന ടൂറിസം സ്പോട്ടായി മുപ്പാലം കനാൽക്കര മാറും. തുടർ പരിപാലനവും ഗ്രാഫ് ഉറപ്പുനൽകുന്നു.

രതീഷ് സൈലന്റ് വാലി, സംസ്ഥാന പ്രസിഡന്റ്, ഗ്രീൻ റെസ്ക്യു ആക്ഷൻ ഫോഴ്സ്