ചാരുംമൂട്: വിശക്കുന്നവരുടെ പ്രതീക്ഷയായ ഭക്ഷണ അലമാര 1000 ദിനങ്ങൾ പിന്നിടുന്നു. ഭരണിക്കാവ് ബ്ളാക്ക് പഞ്ചായത്ത് അംഗവും പൊതു പ്രവർത്തകനുമായ സിനൂഖാനാണ് ചാരുംമൂട് ടൗണിൽ ഭക്ഷണ അലമാര സ്ഥാപിക്കാൻ മുൻകൈയെടുത്തത്. ഒരു ദിവസം പോലും അലമാരയിൽ അന്നം മുടങ്ങിയില്ല. സൗഹൃദങ്ങളും സംഘടനകളും സുമനസുകളും സ്കൂളുകളും കൂട്ടായ്മകളുമൊക്കെ ഭക്ഷണപ്പൊതികളുമായി എത്തിയത് ആശ്വാസമായി. ഏറെ പ്രതിസന്ധികളും വിമർശനങ്ങളും കുറ്റപ്പെടുത്തലുമൊക്കെ ഉണ്ടായെങ്കിലും ഇത് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തായെന്നും സിനൂഖാൻ പറഞ്ഞു. 1000 ദിവസംപൂർത്തിയാകുന്ന 28 ന് നൂറനാടൻമാർ സൗഹൃദ കൂട്ടായ്മയാണ് ഭക്ഷണ അലമാര നിറയ്ക്കുന്നത്. വൈകിട്ട് ജനപ്രതിനിധികളും വിവിധ മേഖലകളിലെ പ്രമുഖരുമടക്കം പങ്കെടുക്കുന്ന ജനകീയ സദസ് നടക്കും.