vibhava-samarppanam

ചെന്നിത്തല: അന്നദാനപ്രഭുവായ തിരുവാറന്മുളയപ്പന്റെ തിരുമുറ്റത്ത് ഇന്ന് നടക്കുന്ന അഷ്ടമി രോഹിണി വള്ളസദ്യയ്ക്ക് ചെന്നിത്തല പള്ളിയോടക്കര 100 ചാക്ക് അരി (അഞ്ച് ടൺ) വഴിപാടായി സമർപ്പിച്ചു.ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ നിന്ന് ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ട്രസ്റ്റ് നൽകിയ ആദ്യ വഴിപാടും കുത്തിയോട്ട ആചാര്യൻ വിജയരാഘവകുറുപ്പിന്റെ വഴിപാടുകളും സ്വീകരിച്ച് ,ചെന്നിത്തല പള്ളിയോടക്കടവിൽ നിന്ന് ഘോഷയാത്രയോടെയാണ് വിഭവങ്ങൾ ആറന്മുളയിലെത്തിച്ചത്. ചെന്നിത്തല പള്ളിയോടപ്പുരയിൽ നിന്ന് വിശിഷ്ടാഥികളെ വഞ്ചിപ്പാട്ടോടെ സ്വീകരിച്ചാനയിച്ച് തുടങ്ങിയ വിഭവഘോഷയാത്രാ ചടങ്ങ് ഫോക്‌ലോർ അക്കാഡമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. 93-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ദിപു പടകത്തിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് പ്രതിനിധിസഭാംഗം സതീശ് ചെന്നിത്തല, മേഖലാ പ്രതിനിധി സദാശിവൻപിള്ള, എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് അംഗം രാജേന്ദ്രപ്രസാദ് അമൃത, വാർഡ് മെമ്പർ അഭിലാഷ് തൂമ്പിനാത്ത്, വി.കെ.അനിൽകുമാർ, പള്ളിയോട പ്രതിനിധി രാകേഷ് മഠത്തിൽ വടക്കേതിൽ, കരയോഗം സെക്രട്ടറി ഗോപാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.