# നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നിലച്ചു.
ചാരുംമൂട് : നൂറനാട് - പടനിലം പ്രദേശത്ത് തെരുവ് നായകളുടെ ആക്രമണ ഭതിയിൽ പ്രദേശവാസികൾ. കഴിഞ്ഞ ഒരാഴ്ചയിൽ നിരവധിപേർക്കാണ് തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേറ്റത്. ചിലർക്ക് ഓടിരക്ഷപ്പെടുന്നതിനിടയിലും പരിക്കേറ്റു. ചെറിയ കൂട്ടങ്ങളായി പരസ്പരം കടി കൂടിക്കൊണ്ട് റോഡിൽ തലങ്ങും വിലങ്ങും ഓടി പായുന്ന നായകളെ , തട്ടി റോഡിൽ വീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവാണ്. അടുത്തകാലത്തായി നായകളുടെ എണ്ണം ക്രമതീതമായി വർദ്ധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. അക്രമകാരികളായ നായ്ക്കൾ വളർത്തു വളർത്തുമൃഗങ്ങളെ വേട്ടയാടി കൊല്ലുന്നതും പ്രദേശത്ത് സാധാരണമാണ് . പൊതുനിരത്തുകൾ കൈയ്യടക്കി തെരുവുനായ്കൂട്ടങ്ങൾ രാവും പകലും തമ്പടിച്ചിരിക്കുന്നതിനാൽ വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഭയപ്പാടിലാണ്.
--------------
''കെ.പി റോഡിൽ ചാരുംമൂട് , നൂറനാട് ഐ.ടി ബി.പി , പാറ ജംഗ്ഷൻ എല്ലാമായി നൂറുക്കണക്കിന് നായ്ക്കളാണ് തമ്പടിച്ചിരിക്കുന്നത്.
മറ്റുപ്രദേശങ്ങളിൽ നിന്നുപോലും വാഹനങ്ങളിൽ തെരുവ് നായ്ക്കളെ ഇവിടെക്കൊണ്ട് ഇറക്കി വിടുന്നുണ്ട്. ഇവയുടെ എണ്ണം നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.
സനു കലാക്ഷേത്ര,പ്രദേശവാസി
-------------------------------
''നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നിലച്ചിരിക്കുകയാണ്. അപകടകാരികളായ നായ്ക്കളെ കൊല്ലുവാനോ , പിടികൂടുവാനോ തയ്യാറാകുന്നില്ല.
പഞ്ചായത്ത് അധികൃതരോട് പരാതിപ്പെടുമ്പോൾ നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞു തടിയൂരുകയാണ്.
ബിനു ശിവരാമൻ, പൊതുപ്രവർത്തകൻ