ആലപ്പുഴ : പെൻഷനുവേണ്ടി എല്ലാമാസവും സമരത്തിനിറങ്ങേണ്ട ഗതികേടിൽ നിന്ന് എന്ന് മോചിതരാകുമെന്നറിയാതെ കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിരമിച്ച ജീവനക്കാർ. ഓരോമാസവും സമരം നടത്തിയാണ് കുടിശ്ശികയടക്കം പെൻഷൻ തുക വാങ്ങിയെടുക്കുന്നത്.
പെൻഷൻ മുടങ്ങി ജീവിതം ദുരിതത്തിലായതോടെ സംസ്ഥാനത്ത് പത്തിലധികം കെ.എസ്.ആർ.ടി.സി റിട്ട.ജീവനക്കാർ ഇതിനകം ജീവനൊടുക്കിയിട്ടുണ്ട്. ആഗസ്റ്റ് 20ന് കാട്ടാക്കട സ്വദേശിയായ എം.സുരേഷ് ആത്മഹത്യ ചെയ്തതതാണ് ഒടുവിലത്തേത്. രണ്ടുമാസമായി പെൻഷൻ ലഭിക്കാതെ ആഹാരത്തിനും മരുന്നിനും ബുദ്ധിമുട്ട് അനുഭവിക്കുന്ന പെൻഷൻകാരൻ മറ്റൊരു പോംവഴിയുമില്ലാതെ മരണത്തിലേക്ക് നീങ്ങുകയായിരുന്നെന്ന് പെൻഷനേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ പറഞ്ഞു. വിരമിച്ച ജീവനക്കാരും, ആശ്രിതരും ഉൾപ്പടെ ആറായിരത്തിലധികം പെൻഷൻ ഗുണഭോക്താക്കളാണ് ജില്ലയിലുള്ളത്.
പെൻഷൻ വിതരണം സർക്കാർ ഏറ്റെടുക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. നിലവിലുണ്ടായിരുന്ന രണ്ട് മാസത്തെ കുടിശ്ശികയിൽ, ഒരു മാസത്തെ തുക ശനിയാഴ്ച്ച ഉച്ചയോടെ സഹകരണ ബാങ്ക് അക്കൗണ്ടുകളിലെത്തി. ആഗസ്റ്റ് മാസം അഞ്ചിന് ലഭിക്കേണ്ടിയിരുന്ന തുകയ്ക്ക് വേണ്ടി സമരം തുടരുകയാണ്.
പരിഷ്കരണമില്ലാതെ പതിനാല് വർഷങ്ങൾ
പതിനാല് വർഷം മുമ്പ് കൈപ്പറ്റിയിരുന്ന അതേ തുകയാണ് ഇന്നും കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് ലഭിക്കുന്നത്
ഇതിനിടെ രണ്ട് തവണ ശമ്പള പരിഷ്ക്കരണം വന്നിട്ടും വിരമിച്ച ജീവനക്കാരെ പരിഗണിച്ചില്ല
സർക്കോരോ കോർപ്പറേഷനോ നേരിട്ട് പെൻഷൻ നൽകാതെ സഹ.ബാങ്കുകളുടെ കൺസോർഷ്യം വഴിയാണ് പെൻഷൻ വിതരണം
പണമില്ലെന്ന പേരിൽ കൺസോർഷ്യം കൈയൊഴിയുമ്പോൾ മാസങ്ങളോളം പെൻഷൻ കിട്ടാത്ത അവസ്ഥയുണ്ടാകും
ജില്ലയിൻ പെൻഷൻ ഗുണഭോക്താക്കൾ
6000
പെൻഷൻ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. പെൻഷൻ തുകയുടെ പരിഷ്കരണത്തിനും നടപടിയുണ്ടാകണം. ഭക്ഷണവും മരുന്നും വാങ്ങാൻ പെൻഷൻ തുക മാത്രം ആശ്രയിക്കുന്നവരാണ് ഏറിയ പങ്കും
- ബേബി പാറക്കാടൻ, യൂണിറ്റ് പ്രസിന്റ്, കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ