ആലപ്പുഴ : നഗരത്തിലെ നിരീക്ഷണ ക്യാമറകളിൽ നല്ലൊരുഭാഗം പ്രവർത്തിക്കാത്തത് മോഷ്ടാക്കൾക്കും സാമൂഹ്യ വിരുദ്ധർക്കും തുണയാകുന്നു. റോഡ് നിർമ്മാണത്തിന്റെ പേരിൽ എടുത്തു മാറ്റിയ ക്യാമറകൾ പുനഃസ്ഥാപിക്കാത്തതാണ് കഴിഞ്ഞ ദിവസം മുല്ലയ്ക്കലിലെ ഗുരു ജൂവലറിയിൽ നടന്ന മോഷണത്തിലും അന്വേഷണത്തിനു തടസമായത്.
സമീപത്തെ കടകളിലെ ക്യാമറകളിലെ ദൃശ്യങ്ങൾ ശേഖരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ബോട്ട് ജെട്ടിക്ക് സമീപം പഴയ ട്രാഫിക് കൺട്രോൾ റൂമിന്റെ ഭാഗത്തെ ക്യാമറ മരം വീണ് തകർന്നിട്ട് മാസങ്ങളായി. പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ടൂറിസം പൊലീസ്, ഗോൾഡ് മർച്ചന്റ് അസോസിയേഷൻ, വ്യാപാരികൾ എന്നിവർ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ 100ൽ അധികം ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇവയിൽ ഭൂരിഭാഗവും ഇപ്പോൾ പ്രവർത്തനരഹിതമാണ്.
കളർകോട് ബൈപ്പാസ് മുതൽ എസ്.ഡി കോളേജ് ജംഗ്ഷൻ വരെ , ചങ്ങനാശ്ശേരി ജംഗ്ഷൻ, വലിയചുടുകാട് ജംഗ്ഷൻ, തിരുവാമ്പാടി, പുലയൻവഴി, ജി.എച്ച് ജംഗ്ഷൻ, വെള്ളക്കിണർ, കൊത്തുവാൽ ചാവടി പാലം, വഴിച്ചേരി മാർക്കറ്റ് എന്നിവടങ്ങളിലാണ് സൗത്ത് പൊലീസ് അത്യാധുനിക നൈറ്റ് വിഷൻ കളർ ക്യാമറകൾ സ്ഥാപിച്ചത്.
മാറ്റിയ ക്യാമറകൾ പുനഃസ്ഥാപിച്ചില്ല
സീറോ ജംഗ്ഷൻ മുതൽ ബോട്ട് ജെട്ടി കൺട്രോൾ റൂം വരെയുള്ള ഭാഗങ്ങളിൽ 10 ലക്ഷം രൂപ ചെലവഴിച്ചാണ് ഗോൾഡ് മർച്ചന്റ്‌സ് അസോസിയേഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് ക്യാമറകൾ സ്ഥാപിച്ചത്
മുല്ലയ്ക്കൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൊലീസ് ഇവ എടുത്തു മാറ്റിയെങ്കിലും റോഡ് നവീകരരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇവ പുനഃസ്ഥാപിച്ചില്ല
"മുല്ലയ്ക്കൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്തു മാറ്റിയ കാമറകൾ മുഴുവൻ പുനഃസ്ഥാപിക്കണം. ഗുരു ജൂവലറിയിലെ മോഷ്ടാവിനെ ഉടൻ അറസ്റ്റ് ചെയ്യണം.
- നസീർ പുന്നയ്ക്കൽ, ജില്ലാ പ്രസിഡന്റ്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
കല്ലുപാലം, പഴയ ട്രാഫിക് കൺട്രോൾ റൂം എന്നിവിടങ്ങളിലെ നിരീക്ഷണ ക്യാമറകൾ തകരാറിലാണ്. ഇവയുടെ അറ്റകുറ്റൾണി നടത്തി ഉടൻ പ്രവർത്തന സജ്ജമാക്കും.
- ട്രാഫിക് പൊലീസ്