hsh

ഹരിപ്പാട് : ഒന്നര പതിറ്റാണ്ടായി അനുഭവിക്കുന്ന കടലാക്രമണ ദുരിതത്തിന് താത്കാലിക പരിഹാരമാകുന്നതിന്റെ ആശ്വാസത്തിലാണ് പാനൂർ നിവാസികൾ. പുത്തൻപുര ജംഗ്ഷന് പടിഞ്ഞാറ് 32 ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന ജിയോ ബാഗ് അടുക്കിയുള്ള കടൽഭിത്തി നിർ

മ്മാണമാണ് പ്രദേശവാസികൾക്ക് ആശ്വാസമാകുന്നത്.

പാനൂർ വടക്ക് പുത്തൻപുരക്കൽ ജംഗ്ഷന് പടിഞ്ഞാറു മുതൽ വടക്കോട്ടു തോപ്പിൽ ജംഗ്ഷൻ വരെയുള്ള 600 മീറ്റർ ഭാഗത്ത് കടൽ ഭിത്തിയും അതിനു സാമാന്തരമായിട്ടുള്ള തീരദേശ റോഡും തകർന്നിട്ട് 15 വർഷത്തോളമായി. കടൽഭിത്തി ഇല്ലാതായതോടെ നിരവധി വീടുകളും ഭൂമിയും കടലെടുത്ത് പോയി. 2021 ലുണ്ടായ ശക്തമായ കടലാക്രമണത്തിൽ ഇവിടെ നാമമാത്രമായി അവശേഷിച്ച റോഡും നിരവധി വീടുകളും കടലെടുത്തതോടെ പ്രദേശം ഒറ്റപ്പെട്ടു. 15-ാം വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ റെജിലയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തെ ദുരിതാവസ്ഥ ബോദ്ധ്യപ്പെടുത്തുന്നതിന് നിരവധി തവണയാണ് സെക്രട്ടറിയേറ്റിലും ജലവിഭവ വകുപ്പ് മന്ത്രിയുടെയും ഓഫീസുകൾ കയറിയിറങ്ങിയത്.

രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാകും

 2023 ൽ ലോകബാങ്ക് സഹായത്തോടെയുള്ള ടെട്രോപോഡ് ഉപയോഗിച്ചുള്ള പുലിമുട്ട് കടൽഭിത്തിയോട് കൂടി നിർമിക്കുന്നതിന് 20 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയെങ്കിലും തുടർനടപടി ഉണ്ടായില്ല

 പ്രദേശത്തിന്റെ അപകടാവസ്ഥക്ക് ഉടനടി പരിഹാരം കാണണമെന്ന ആവശ്യം ശക്തമായതോടെയാണ് ജിയോ ബാഗിൽ മണൽ നിറച്ച് തീരം സംരക്ഷിക്കുന്നതിന് ഇറിഗേഷൻ വകുപ്പ് 32 ലക്ഷം രൂപ അനുവദിച്ചത്

 ഇതിന്റെ നിർമാണ പ്രവർത്തനം പുത്തൻപുരക്കൽ ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത് പുരോഗമിക്കുകയാണ്. 50 മീറ്റർ പൂർത്തീകരിച്ചു. ശേഷിക്കുന്ന 150 മീറ്റർ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാകും

 മണൽ ക്ഷാമം മൂലം ഇടക്ക് നിർമ്മാണം മുടങ്ങിയിരുന്നു. പഞ്ചായത്ത് നേതൃത്വം ഇടപെട്ട് ഈ പ്രശ്നത്തിന് പരിഹാരം കണ്ടു

ജിയോ ബാഗ് കടൽഭിത്തി താൽക്കാലികമായെങ്കിലും തീരം സംരക്ഷിക്കുമെന്നാണ് പ്രതീക്ഷ

- തീരദേശ വാസികൾ