ആലപ്പുഴ: ഭർതൃഗൃഹത്തിൽ നവവധു ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. ആലപ്പുഴ ലജ്നത്ത് വാർഡിൽ പനയ്ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യയും കായംകുളം സ്വദേശിനിയും ദന്തൽ ടെക്നീഷ്യനുമായ ആസിയയെ (22) ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അർബുദബാധിതനായി മരിച്ച പിതാവിനൊപ്പം പോകുന്നുവെന്ന് എഴുതിയ കത്താണ് പൊലീസിന് ലഭിച്ചത്. ഇത് ആസിയ തന്നെ എഴുതിയതാണെന്ന് ഉറപ്പിക്കാൻ ഫോറൻസിക്ക് പരിശോധന നടത്തും.
അതേസമയം, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തൂങ്ങി മരണമാണെന്ന് സ്ഥിരീകരിച്ചു. പ്രാഥമികാന്വേഷണത്തിൽ കുടുംബപ്രശ്നങ്ങളില്ലെന്നും പിതാവ് മരിച്ചതിന്റെ മനോവിഷമം ആസിയ നേരിട്ടിരുന്നതായി വ്യക്തമായെന്ന് സൗത്ത് പൊലീസ് പറഞ്ഞു. പ്രണയത്തിലായിരുന്ന മുനീറും ആസിയയും നാല് മാസം മുമ്പാണ് കുടുംബങ്ങളുടെ ആശിർവാദത്തോടെ വിവാഹിതരായത്. വിവാഹത്തിന് രണ്ട് മാസം മുമ്പായിരുന്നു പിതാവായ സക്കീർ ഹുസൈനിന്റെ മരണം. മൂവാറ്റുപുഴയിൽ ദന്തൽ ടെക്‌നിഷ്യനായ ആസിയ ആഴ്ചയിലൊരിക്കലാണ് ഭർതൃവീട്ടിലെത്തിയിരുന്നത്. സാധാരണ ശനിയാഴ്ചകളിൽ വരാറുള്ള യുവതി ഇത്തവണ നേരത്തെ എത്തി മുനീറിന് സർപ്രൈസ് നൽകുമെന്ന് ഭർതൃമാതാവിനോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകിട്ട് മുനീർ ജോലി ചെയ്യുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തി സർപ്രൈസ് നൽകിയ ശേഷം യുവതി സന്തോഷവതിയായിരുന്നെന്ന് ഭർതൃമാതാവ് പറഞ്ഞു.
മുമ്പും ജീവനൊടുക്കാൻ ശ്രമം
സംഭവദിവസം തലവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. ഡോക്ടറെ കാണാൻ വിസമ്മതിച്ചു. സന്ധ്യയോടെ കുടംബത്തിനൊപ്പം ബീച്ചിലേക്ക് പോകാൻ യുവതി തയാറെടുത്തു. മുനീറിന്റെ മാതാപിതാക്കൾ കുടുംബവീട്ടിൽ സന്ദർശനം നടത്തിയ ശേഷം ബീച്ചിലേക്ക് എത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് അവർ നേരത്തെ പുറപ്പെട്ടു. മുനീർ വാഹനത്തിൽ പെട്രോളടിക്കാനായി പോയി തിരിച്ചെത്തിയപ്പോഴാണ് ആസിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സ്കൂളിൽ പഠിക്കുമ്പോൾ മാതാവ് വഴക്കുപറഞ്ഞതിന് ആത്മഹത്യാശ്രമം നടത്തിയതായി ആസിയയുടെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം കായംകുളം ടൗൺ ജുമാമസ്ജിദിൽ കബറടക്കി.