photo

ചേർത്തല: ടിഷ്യുകൾച്ചർ വാഴ കൃഷിയിൽ നൂറുമേനി വിളവുമായി കഞ്ഞിക്കുഴി പഞ്ചായത്ത് പതിനാറാം വാർഡ് നവശക്തി കുടുംബശ്രീ യൂണിറ്റിലെ കർഷക ഗ്രൂപ്പ്. കുളത്തിലെ പായലും ചാണകവും പ്രധാനവളമാക്കി മുപ്പത്തഞ്ചു കിലോയോളം വരുന്ന വാഴക്കുലകളാണ് ഇവർ വിളവെടുത്തത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ വിളവെടുപ്പ്

ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി.എസ്.ശ്രീലത, കർമ്മസേന കൺവീനർ ജി.ഉദയപ്പൻ,വാർഡ് വികസന സമിതി കൺവീനർ ഷാജി കെ.അവിട്ടം,പി.പി.രാജു, കുടുംബശ്രീ അഗ്രിമിഷൻ കോ–ഓർഡിനേറ്റർ അംബിക മോഹൻ,യൂണിറ്റ് ഭാരവാഹികളായ രഞ്ജിനി പ്രദീപ്, യമുന,റാണി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

കൃഷി മന്ത്രി പി. പ്രസാദ് ചേർത്തല നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിഷൻ കരപ്പുറത്തിന്റെ ഭാഗമായി സൗജന്യമായി വിതരണം ചെയ്ത അത്യുൽപ്പാദന ശേഷിയുള്ള ടിഷ്യുകൾച്ചർ വാഴയാണ് ഇവർ കൃഷി ചെയ്തത്. കഞ്ഞിക്കുഴി കൃഷി ഭവൻ മുഖേന ലഭിച്ച പത്തു വാഴവിത്തുകളാണ് ഗ്രൂപ്പു കൺവീനർ പുഴാരത്തു റാണി രവീന്ദ്രന്റെ പുരയിടത്തിൽ കൃഷിയിറക്കിയത്. കുടുംബശ്രീ യൂണിറ്റിനു കീഴിലുള്ള ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പിനാണ് മേൽനോട്ടം.