കായംകുളം: കായംകുളം കോടതി സമുച്ചയത്തിൽ പ്രവർത്തിച്ചിരുന്ന കുടുംബ കോടതി ക്യാമ്പ് സിറ്റിംഗ് പുനരാരംഭിക്കണമെന്ന് കായംകുളം ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളുടെ പരമ്പര്യമുള്ള കായംകുളം കോടതി സമുച്ചയത്തിൽ ഫാമിലി കോടതിയുടെ സ്ഥിരം സിറ്റിംഗ് ആരംഭിക്കണമെന്ന ആവശ്യം നിലനിൽക്കേ , ബുധനാഴ്ചകളിൽ നടത്തി വന്ന ഫാമിലി കോടതി ക്യാമ്പ് സിറ്റിംഗ് അവസാനിപ്പിച്ച നടപടി പ്രതിഷേധാർഹമാണ്.
കായംകുളം കോടതിയിൽ സ്ഥിരം കോടതി പ്രവർത്തിക്കുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കേയാണ് ഹൈക്കോടതിയുട ഉത്തരവിൻ പ്രകാരം സിറ്റിംഗ് നിർത്തലാകുവാനുള്ള തീരുമാനം. ഫാമിലി കോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് 15 കിലോമീറ്റർ അകലെയുള്ള മാവേലിക്കരയിൽ പോകേണ്ട അവസ്ഥയാണ്.ബാർ അസോസിയേഷൻ പ്രസിഡന്റ് വി.ബോബൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എച്ച്.സുനി അഡ്വ. ഉണ്ണി ജെ.വാര്യത്ത് തുടങ്ങിയവർ പങ്കെടുത്തു.