kshethar-chuttumathil

മാന്നാർ: അപകടാവസ്ഥയിലായ ക്ഷേത്ര ചുറ്റുമതിലും പേരാലും ഭക്ത ജനങ്ങളെയും നാട്ടുകാരെയും ഭീതിയിലാക്കുന്നു. മാന്നാർ തൃക്കുരട്ടി ക്ഷേത്രത്തിന് കിഴക്ക് സ്ഥിചെയ്യുന്ന കുരട്ടിക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന്റെ, ചുറ്റുമതിലും ക്ഷേത്രത്തിനു മുന്നിലുള്ള പേരാലുമാണ് അപകടാവസ്ഥയിലായിട്ടുള്ളത്. കുരട്ടിക്കാട് ഭാഗത്ത് നിന്ന് മാന്നാർ ടൗണിലേക്കുള്ള പ്രധാന റോഡിനോട് ചേർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ശ്രീധർമ്മ ശാസ്താക്ഷേത്രം നിലകൊള്ളുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും നിരവധി വാഹനങ്ങളും ദിനംപ്രതി കടന്നു പോകുന്ന പ്രധാന റോഡരികിൽ നിൽക്കുന്ന ചുറ്റുമതിലിന്റെ പല ഭാഗങ്ങളും വിള്ളൽ വീണും അടർന്നും അപകടാവസ്ഥയിലായിട്ട് നാളുകളായി. മതിലിനോട് ചേർന്ന് നിൽക്കുന്ന വൈദ്യുത തൂൺ താങ്ങായി നിൽക്കുന്നത് കൊണ്ടാണ് മതിൽ മറിയാതെ നിൽക്കുന്നത്. ശക്തമായ മഴയും കാറ്റും ഉണ്ടായാൽ റോഡിലേക്ക് മതിൽ ഇടിഞ്ഞ് വീഴുമെന്നാണ് നാട്ടുകാരുടെ ഭീതി. അപകട മുന്നറിയിപ്പ് നൽകുന്നതിനായി റോഡിനോട് ചേർന്നുള്ള മതിലിന്റെ ഭാഗത്ത് ചുവന്ന റിബൺ കെട്ടിയിരിക്കുകയാണ്.അതോടൊപ്പം ക്ഷേത്രത്തിന്റെ മുൻവശത്ത് നിൽക്കുന്ന പേരാലും അപകടാവസ്ഥയിലാണ്. മാസങ്ങൾക്ക് മുമ്പ് ഈ പേരാലിന്റെ ശിഖരം ഒടിഞ്ഞ് വീഴുകയും യാത്രക്കാരായ രണ്ടു പേർ അത്ഭുതകരമായി രക്ഷപെടുകയുമുണ്ടായി. ദിവസങ്ങൾക്ക് മുമ്പുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചുറ്റുമതിലിന്റെ ഒരു ഭാഗം മരംവീണ് തകർന്നു വീണതോടെ ധർമശാസ്താ ക്ഷേത്ര ഉപദേശകസമിതിയും ഏറെ ഭീതിയിലാണ്. ചുറ്റുമതിലിന്റെയും പേരാലിന്റെയും അപകടസാധ്യത കാണിച്ച് ധർമശാസ്താ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ ദേവസ്വം ബോർഡ് അധികൃതർക്ക് പലതവണ പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.