ചാരുംമൂട് : മരണപ്പെട്ട കോൺഗ്രസ് പ്രവർത്തകന്റെ കുടുംബത്തിന് വീടൊരുക്കാൻ പഴയ സഹപ്രവർത്തകർ ഒത്തു ചേരുന്നു. താമരക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സജീവ പ്രവർത്തകനായിരുന്ന പേരൂർക്കാരാണ്മ സ്വദേശി വിശ്വേശ്വരന്റെ കുടുംബത്തിനാണ് വീട് നിർമ്മിച്ചുനൽകുന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട സാധു കുടുംബാംഗമായിരുന്ന വിശ്വേശ്വരനും ജേഷ്ഠൻ വിശ്വംഭരനും കോൺഗ്രസിന്റെ താഴെത്തട്ട് പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയിട്ടുള്ളവരാണ്. അടുത്തകാലത്ത് വിശ്വംഭരനും മരണപ്പെട്ടിരുന്നു. രണ്ടുവർഷം മുമ്പാണ് വിശ്വേശ്വരൻ മരണപ്പെട്ടത്. ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലുള വിശ്വേശ്വരന്റെ ഭാര്യ രജനിയും, ഐ.ടി.ഐ വിദ്യാർത്ഥിയായ മകൻ വിവേകും താത്കാലിക ഷെഡിലാണ് താമസം.ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടാത്ത സാഹചര്യത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ബി.ഹരികുമാർ ചെയർമാനായും നോർത്ത് മണ്ഡലം പ്രസിഡന്റ് ടി.മന്മഥൻ കൺവീനറുമായുള്ള കമ്മിറ്റിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ശിലാസ്ഥാപന കർമ്മം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബി.ബാബു പ്രസാദ് ശിലകൈമാറി. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ, നിർവ്വാഹക സമിതി അംഗം കോശി എം.കോശി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ, ജി.ഹരി.പ്രകാശ്, രാജൻ പൈനമൂട്, എം.ആർ.രാമചന്ദ്രൻ, ബി.രാജലക്ഷ്മി, തൻസീർ കണ്ണനാകുഴി, അഡ്വ.മുത്താര രാജ്, അനിൽ രാജ്, ശ്രീകുമാർ അളകനന്ദ, വൈ.മനോജ്, ഷംസുദ്ദീൻ ചാരുംമൂട്, നിഷാ നസീർ തുടങ്ങിയവർ പങ്കെടുത്തു.