a

# ജീവനക്കാരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ

മാവേലിക്കര : ചെട്ടികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ വീട്ടമ്മ മരിച്ചു. ദേഹാസ്വസ്ഥ്യവുമായെത്തിയ വീട്ടമ്മയെ ഒരു മണിക്കൂറോളം കിടത്തിയ ശേഷം മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. ചെട്ടികുളങ്ങര ഈരേഴ വടക്ക് മഠത്തിൽ പരേതനായ മോഹനൻപിള്ളയുടെ ഭാര്യ മായാദേവിയാണ് (57) മരിച്ചത്.

ജീവനക്കാരുടെ അനാസ്ഥയും മതിയായ ചികിത്സ കിട്ടാത്തതും കാരണമാണ്

വീട്ടമ്മ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഇന്നലെ രാവിലെ 9.30ന് ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ദർശനത്തിനെത്തിയ

മായാദേവിക്ക് മടങ്ങാൻ നേരമായിരുന്നു ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതും

പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചതും. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രോഹിത് എൻ.പിള്ള പരിശോധിച്ച് ഇ.സി.ജി എടുക്കാൻ നിർദ്ദേശിച്ചു. ഇ.സി.ജിയിൽ വ്യത്യാസം കണ്ടതോടെ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് റെഫർ ചെയ്തു.

എന്നാൽ,​ പ്രാഥമികകേന്ദ്രത്തിന്റെ ആംബുലൻസിൽ ഇവരെ ജില്ലാ ആശുപത്രിയിലെത്തിക്കാൻ ജീവനക്കാർ തയ്യാറായില്ല. ഡ്രൈവറില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. ബന്ധുക്കളെത്തി കൊണ്ടുപോകണം എന്ന നിലപാടാണ് അവർ സ്വീകരിച്ചതെന്ന് മറ്റ് രോഗികൾ പറഞ്ഞു. ഇവരെ നിരീക്ഷിക്കാനും ആരും ഉണ്ടായില്ല. കിടക്കയിൽ കിടന്ന മായാദേവി ഇടക്ക് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ താഴെ വീഴുകയും ചെയ്തു. മറ്റ് രോഗികൾ പറഞ്ഞാണ് ജീവനക്കാ‌ർ ഈ വിവരം അറിഞ്ഞത്.

വീട്ടമ്മയുടെ ബന്ധുക്കൾ കായംകുളത്ത് നിന്ന് ആംബുലൻസ് വരുത്തിയാണ് മായാദേവിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഒരു നഴ്‌സും ആശാപ്രവർത്തകയും ഒപ്പം വണ്ടിയിൽ കയറിയിരുന്നു. എന്നാൽ,​ അവിടെഎത്തും മുമ്പ് മരണം സംഭവിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നടക്കും. മക്കൾ: മഹേഷ്, മനു.

സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കും ഡി.എം.ഒയ്ക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.