മാന്നാർ: കമ്യൂണിസ്റ്റ് പാർട്ടിയുടെ മാന്നാറിലെ മുതിർന്ന അംഗവും നിരവധി സമര പോരാട്ടങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന കുരട്ടിക്കാട് മാമ്പറ്റയിൽ ശങ്കരാലയത്തിൽ കെ.എസ് പീതാംബരപ്പണിക്കർ (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. 1952ൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി പാർട്ടിയിൽ വന്ന് 1954ൽ പാർട്ടി മെമ്പർഷിപ്പിലെത്തി 67 വർഷക്കാലമായി ഇടവേളകളില്ലാതെ പാർട്ടി മെമ്പറായി തുടർന്ന് വരിയായിരുന്നു.1971ൽ സി.പി.എം കുരട്ടിക്കാട് പൈനുംമൂട് ബ്രാഞ്ച് സെക്രട്ടറി സ്ഥാനമേറ്റ് 14 വർഷക്കാലം പ്രവർത്തിച്ചു. പാർട്ടി പ്രവർത്തനത്തിനിടെ നിരവധി സമരങ്ങളിൽ പങ്കെടുത്ത് പീഡനങ്ങൾ അനുഭവിക്കുകയും, 1970ൽ കെ.കരുണാകരൻ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയുമുണ്ടായി. 1954ൽ ട്രാൻസ്പോർട്ട് സമരമുൾപ്പെടെ നിരവധി സമരമുഖങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന പീതാംബരപ്പണിക്കർ മാന്നാറിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് കരുത്ത് പകർന്ന പ്രവർത്തകനായിരുന്നു. ഭാര്യ: ഗൗരി പൊന്നമ്മ.