ഹരിപ്പാട് : ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ഉറിയടി ഭക്തിസാന്ദ്രമായി. ഏവൂർതെക്ക്, ഏവൂർ വടക്ക്, ഏവൂർ വടക്കുപടിഞ്ഞാറ് കരകളിൽ നിന്നുമായിരു്ന്നു ഉറിയടി ഘോഷയാത്ര. കരിക്കും വെണ്ണയും നെയ്യും പാലും പഞ്ചസാരയും അവലും മലരും ഉണ്ണിയപ്പം തുടങ്ങിയ ദ്രവ്യങ്ങൾ നിറച്ച ആയിരക്കണക്കിന് ഉറികളാണ് ഏവൂർ കരകളിലെ വഴികളിൽ കെട്ടിയുയർത്തിയത്. ഉണ്ണിക്കണ്ണന്മാർ താളമേളങ്ങളുടെ അകമ്പടിയോടെ ഉറികളെല്ലാം അടിച്ചുടച്ചാണ് ക്ഷേത്ര നട ലക്ഷ്യമാക്കി വന്നത്. ഏവൂർ തെക്ക് കരയിലെ ഉറിയടി രാവിലെ ഒൻപതിന് ഏവൂർതെക്ക് ഹൈന്ദവസംഘടനാ ആസ്ഥാനത്ത് ആദ്യ ഉറിയടിച്ച് തുടക്കം കുറിച്ചു .തിറയാട്ടം, വിവിധ കലാരൂപങ്ങൾ, വനിതാശിങ്കാരി മേളം, നൃത്തനൃത്യങ്ങൾ, ചെണ്ടമേളം തുടങ്ങിയവ ഘോഷയാത്രയ്ക്ക് മിഴിവേകി .
ഏവൂർ വടക്കേക്കര ഹൈന്ദവ സമിതിയുടെ ഉറിയടി ഘോഷയാത്ര രാവിലെ ഏവൂർ പഞ്ചവടി ക്ഷേത്രത്തിൽ നിന്നും തുടങ്ങി . അലങ്കരിച്ച രഥം, അമ്മൻകുടം, കൊട്ടക്കാവടി, ചെണ്ടമേളം എന്നിവ അകമ്പടിയായി . ഏവൂർ വടക്കുപടിഞ്ഞാറ് ഹൈന്ദവ സമിതിയുടെ ഉറിയടി ഘോഷയാത്ര രാവിലെ ഒമ്പതിന് ഏവൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ തുടങ്ങി . ധർമശാസ്താക്ഷേത്രം, കരിമ്പിൽ മുക്ക്, വായനശാല, വേളങ്ങാട്ട്, വല്യകൊട്ടിക്കൽ ക്ഷേത്രം, സബർമതി, ചാങ്ങയിൽ, ചാണാഞ്ചേരി തുടങ്ങി കരയുടെ വിവിധ ഭാഗങ്ങളിലെ ഉറികളെല്ലാം അടിച്ചശേഷം ക്ഷേത്രസന്നിധിയിലെത്തി.